Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 09:35 AM

കുഞ്ഞു മിലാന്റെ പരിഭവം ഇനി ചിരിയിലേക്ക്; ആ കണ്ണീർ തുടയ്ക്കാൻ ദുബായ് രാജകുമാരന്റെ മറുപടി: “നിന്നെ കാണാൻ ഞാനും കാത്തിരിക്കുന്നു”

by silvya

ദുബായ്: ദുബായിലേക്ക് പോകണമെന്ന് വാശിപിടിച്ച് കരയുന്ന ഒരു കൊച്ചു ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. മിലാൻ എന്ന് പേരുള്ള ഈ കുരുന്നിന്റെ നിഷ്കളങ്കമായ സങ്കടം കണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടാണ് പ്രതികരണവുമായി എത്തിയത്. ‘ദുബായിൽ നിങ്ങളെ ഉടൻ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ‘എന്ന് കുറിച്ച് ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഈ വീഡിയോ പങ്കുവെച്ചു. കെനിയയിൽ നിന്നുള്ള മരിയ നിംബാനെ എന്ന കണ്ടന്റ് ക്രിയേറ്ററുടെ മകനാണ് മിലാൻ.

“എനിക്ക് ഇപ്പോൾത്തന്നെ ദുബായിൽ പോകണം, അതിനായി അമ്മ ഒരുപാട് പണം സമ്പാദിക്കണം” എന്ന് കരഞ്ഞുപറയുന്ന മിലാനെ വീഡിയോയിൽ കാണാം. മകന്റെ വലിയ സങ്കടം കണ്ട് അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു അമ്മ. “ആദ്യം ശ്വാസമെടുക്കൂ, നിന്റെ സങ്കടം എനിക്ക് മനസ്സിലാകുന്നുണ്ട്” എന്ന് പറഞ്ഞ് അമ്മ അവനെ ശാന്തനാക്കാൻ ശ്രമിക്കുന്നു. താൻ കഠിനാധ്വാനം ചെയ്ത് അവനെ ദുബായിലേക്ക് കൊണ്ടുപോകാമെന്ന് അമ്മ വാഗ്ദാനം നൽകുന്നുണ്ട്. ദുബായ് എന്നത് ഒരു ഗ്രഹമാണെന്നാണ് കുഞ്ഞു മിലാൻ കരുതിയിരുന്നത്. മകന്റെ സങ്കടം മാറ്റാൻ അമ്മ അത് ചിരിച്ചുകൊണ്ട് ശരിവെക്കുകയും ചെയ്തു.

വിശന്നിരിക്കുന്നത് കൊണ്ടാണ് മിലാൻ ഇത്രയധികം വാശിപിടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അമ്മ, അവന് ഇഷ്ടപ്പെട്ട ലഘുഭക്ഷണം നൽകി അവനെ സന്തോഷിപ്പിച്ചു. ഒടുവിൽ അമ്മയുടെ സ്നേഹത്തിന് മുന്നിൽ മിലാൻ തന്റെ പിണക്കം മറന്ന് ചിരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. എമിറാത്തി നടൻ സൗദ് അൽകാബി ഉൾപ്പെടെ നിരവധി പ്രമുഖർ മിലാന് ദുബായിലേക്ക് സ്വാഗതം ആശംസിച്ചു. ദുബായ് ഭരണാധികാരികളുടെ ഇടപെടലോടെ മിലാന്റെയും കുടുംബത്തിന്റെയും സ്വപ്നയാത്ര ഉടൻ യാഥാർത്ഥ്യമാകുമെന്ന സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

You may also like