Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:43 PM

ഈദും സെമസ്റ്റർ ബ്രേക്കും ഒന്നിച്ച്; യുഎഇ സ്കൂളുകൾക്ക് ഒൻപത് ദിവസം നീളുന്ന അവധി പ്രഖ്യാപിച്ചു.

by silvya

ദുബായ് : യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഹ്ലാദവാർത്ത. വരാനിരിക്കുന്ന ഈദ് അൽ അദ്ഹയും മൂന്നാം സെമസ്റ്ററിലെ ഇടവേളയും പ്രഖ്യാപിച്ചതോടെ ഒൻപത് ദിവസത്തെ നീണ്ട അവധിയാണ് സ്കൂളുകളെ കാത്തിരിക്കുന്നത്. മെയ് 25 മുതൽ 29 വരെയാണ് മന്ത്രാലയം ഔദ്യോഗികമായി അവധി  നൽകിയിരിക്കുന്നത്. ഇതിന് മുന്നിലും പിന്നിലുമായി വരുന്ന രണ്ട് വാരാന്ത്യങ്ങൾ (ശനി, ഞായർ) കൂടി ചേരുന്നതോടെ മെയ് 23 മുതൽ മെയ് 31 വരെ തുടർച്ചയായ ഒൻപത് ദിവസത്തെ ഒഴിവ് ലഭിക്കുമെന്ന് അൽ ബയാൻ പത്രം റിപ്പോർട്ട് ചെയ്തു. അധ്യയന വർഷത്തിലെ അവസാന ഘട്ടത്തിലേക്കുള്ള സ്കൂൾ കലണ്ടർ പരിഷ്കരിച്ചതിനൊപ്പം മന്ത്രാലയം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്തിമ പരീക്ഷകൾക്ക് മുൻപായി കുട്ടികൾക്ക് അല്പം വിശ്രമവും മാനസിക ഉന്മേഷവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവധി ക്രമീകരിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ജൂൺ ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കും. തൊട്ടുപിന്നാലെ ജൂൺ 15, 16 തീയതികളിൽ വിദ്യാർത്ഥികൾക്ക് മോക്ക് പരീക്ഷകൾ നടക്കും. ഇതിന് ശേഷം ജൂൺ 17-ന് ഇസ്‌ലാമിക് പുതുവർഷത്തോടനുബന്ധിച്ച് വീണ്ടും അവധി ലഭിക്കും.

വാർഷിക പരീക്ഷകൾ ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് നടക്കുക. പരീക്ഷാ തിരക്കുകൾക്ക് ശേഷം ജൂലൈ 3 ഈ അധ്യയന വർഷത്തെ അവസാന പ്രവൃത്തി ദിവസമായിരിക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് വേനൽക്കാല അവധി ആരംഭിക്കുകയും ചെയ്യും. പരീക്ഷയ്ക്ക് മുൻപുള്ള ഈ നീണ്ട ഇടവേള കുട്ടികൾക്ക് പാഠഭാഗങ്ങൾ പഠിക്കാനും ഒപ്പം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും മികച്ച അവസരമായിരിക്കും.

You may also like