മരാകേഷ് : സാങ്കേതികവും സാമ്പത്തികവുമായ ദ്രുതഗതിയിലുള്ള മാറ്റങ്ങളെ നേരിടാനും സുസ്ഥിര വികസനം ഉറപ്പാക്കാനും യൂറോ-മെഡിറ്ററേനിയൻ രാജ്യങ്ങളും ഗൾഫ് മേഖലയും തമ്മിലുള്ള സാമ്പത്തിക-പാർലമെന്ററി സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് യുഎഇ. മൊറോക്കോയിൽ നടന്ന നാലാമത് മരാകേഷ് പാർലമെന്ററി സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ (FNC) സ്പീക്കർ സഖർ ഗോബാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര സഹകരണത്തിലൂടെ ഈ മേഖലകൾക്ക് ആഗോളതലത്തിൽ വലിയ സാമ്പത്തിക പുരോഗതി കൈവരിക്കാനാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യാപാരം, നിക്ഷേപം, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിത ഊർജ്ജം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. യുവാക്കളെ ശാക്തീകരിക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, സാമ്പത്തിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയ്ക്ക് യുഎഇ നൽകുന്ന പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ആധുനിക നിയമനിർമ്മാണങ്ങളിലൂടെയും സുതാര്യമായ ഭരണത്തിലൂടെയും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാൻ പാർലമെന്റുകൾക്ക് സാധിക്കുമെന്നും, യുഎഇയും മൊറോക്കോയും തമ്മിലുള്ള ദൃഢമായ ബന്ധം ഇത്തരം പങ്കാളിത്തങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും സഖർ ഗോബാഷ് കൂട്ടിച്ചേർത്തു.