ദുബായ് : കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ (Bundibugyo) വകഭേദം പടരുന്ന പശ്ചാത്തലത്തിൽ, വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും പൗരന്മാർക്കുമായി യുഎഇ ആരോഗ്യ മന്ത്രാലയം (MoHAP) പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുഎഇയിൽ നിലവിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യം പൂർണ്ണ സുരക്ഷിതമാണെന്നും വ്യക്തമാക്കിയ മന്ത്രാലയം, മുൻകരുതലിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ പുതുക്കിയതെന്നും അറിയിച്ചു. നിലവിൽ പടരുന്ന ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലെന്നത് ജാഗ്രത വർദ്ധിപ്പിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും നേരത്തെ നിർദ്ദേശിച്ചിരുന്നു.
യാത്രകളിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ :
1. യാത്രാ വിവരങ്ങൾ പരിശോധിക്കുക : യാത്ര പുറപ്പെടുന്നതിന് മുൻപായി പോകുന്ന രാജ്യത്തെ എബോള വ്യാപന സ്ഥിതിയും അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക നിർദ്ദേശങ്ങളും കൃത്യമായി മനസ്സിലാക്കുക.
2. വ്യക്തിശുചിത്വം പാലിക്കുക : ലക്ഷണങ്ങളുള്ള വ്യക്തികളുമായോ എബോള ബാധിതരുമായോ യാതൊരുവിധ സമ്പർക്കവും പുലർത്തരുത്. കൈകൾ എപ്പോഴും സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചും വൃത്തിയാക്കുക.
3. വന്യമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക : വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നോ അവയുടെ മാംസത്തിൽ നിന്നോ രോഗം പകരാൻ സാധ്യതയുള്ളതിനാൽ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ശരിയായി വേവിക്കാത്ത മാംസാഹാരവും പൂർണ്ണമായും ഒഴിവാക്കുക.
4. രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക : ശരീരത്തിൽ വൈറസ് പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കാണുക. കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമായാൽ ശരീരത്തിനകത്തോ പുറത്തോ രക്തസ്രാവം ഉണ്ടായേക്കാം.
5. മെഡിക്കൽ സഹായം തേടുക : യാത്രയ്ക്കിടയിലോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമോ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കാണുകയും നിങ്ങളുടെ യാത്രാ വിവരങ്ങൾ കൃത്യമായി അവരെ ധരിപ്പിക്കുകയും ചെയ്യുക.
എബോള വായുവിലൂടെ പകരുന്ന രോഗമല്ലെന്നും രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ മാത്രമേ പകരുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.