Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:54 AM

പഴയ സാധനങ്ങളുടെ പുനരുപയോഗത്തിന് ഡിജിറ്റൽ വിപണി; ദുബായിൽ പുതിയ സംരംഭവുമായി ബ്രിട്ടീഷ് പ്രവാസി

by Raneesha Razak

 

ദുബായ് : വീട്ടിൽ വെറുതെ കിടക്കുന്നതും എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുമായ പഴയ സാധനങ്ങൾ സുരക്ഷിതമായി വിൽക്കാനും സൗജന്യമായി കൈമാറാനും പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് സ്വദേശിനി ഷൈമ സിബ്തൈൻ. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും മറ്റും പഴയ സാധനങ്ങൾ വിൽക്കാൻ ആളുകൾ ബുദ്ധിമുട്ടുന്നത് കണ്ടതിനെ തുടർന്നാണ് വിശ്വസനീയമായ രീതിയിൽ സാധനങ്ങൾ കൈമാറാൻ കഴിയുന്ന ലവ്ഡ് എന്ന പ്ലാറ്റ്‌ഫോമിന് ഷൈമ രൂപം നൽകിയത്.

തന്റെ കുട്ടികളുടെ പഴയ വസ്ത്രങ്ങളും ഉപയോഗിക്കാത്ത ആഡംബര ബാഗുകളും എങ്ങനെ മറ്റുള്ളവർക്ക് നൽകുമെന്ന ചിന്തയാണ് ഷൈമയെ ഈ ബിസിനസ്സ് ആശയത്തിലേക്ക് നയിച്ചത്. വെറുമൊരു റീസെയിൽ പ്ലാറ്റ്‌ഫോം എന്നതിനപ്പുറം കമ്മ്യൂണിറ്റി മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പക്കലുള്ള ബ്രാൻഡഡ് സാധനങ്ങൾ കൃത്യമായ പരിശോധന ഉറപ്പാക്കി സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനത്തിലൂടെയും ഡോർ ടു ഡോർ ഡെലിവറി വഴിയും ഇതിലൂടെ വിൽക്കാൻ സാധിക്കും. ഇതിന് പുറമെ ലവ്ഡ് ആൻഡ് ഗിഫ്റ്റഡ് എന്ന പ്രത്യേക വിഭാഗത്തിലൂടെ യാതൊരു പണവും ഈടാക്കാതെ ആവശ്യമുള്ളവർക്ക് സാധനങ്ങൾ പൂർണ്ണമായും സൗജന്യമായി നൽകാനുള്ള സൗകര്യവും ഇതിലുണ്ട്. യുഎഇയിലെ അനുകൂലമായ ബിസിനസ്സ് അന്തരീക്ഷവും ജനങ്ങളുടെ പിന്തുണയുമാണ് ഇത്തരമൊരു സംരംഭം വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ തനിക്ക് പ്രചോദനമായതെന്ന് ഷൈമ സിബ്തൈൻ വ്യക്തമാക്കി. സാധനങ്ങൾ കൂടുതൽ കാലം ഉപയോഗിച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഒപ്പം ആവശ്യമുള്ളവരെ സഹായിക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

You may also like