ദുബായ് : ദുബായിലെ ഒരു കാൽനടയാത്ര ക്രോസിംഗിൽ കുട്ടി ഇരുന്ന സ്ട്രോളറിൽ കാർ തട്ടാതെ കഷ്ടിച്ച് രക്ഷപ്പെടുന്ന ഭീതിജനകമായ വീഡിയോ ദുബായ് പോലീസ് പുറത്തുവിട്ടു. സിഗ്നലിലെ ചുവപ്പ് ലൈറ്റ് അവഗണിച്ച് അമിതവേഗതയിൽ വന്ന വാഹനം, സ്ട്രോളറുമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരെ ഇടിക്കുന്നതിന് തൊട്ടുമുന്നിലൂടെ കടന്നുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരു നിമിഷത്തെ ചെറിയ പാളിച്ച പോലും വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു എന്ന് പോലീസ് ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരുടെ അശ്രദ്ധയും നിയമലംഘനങ്ങളും എങ്ങനെയാണ് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് അധികൃതർ വ്യക്തമാക്കി. റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും, ഒരു നിമിഷത്തെ തെറ്റായ തീരുമാനം നിരപരാധികളുടെ ജീവനെടുക്കാൻ കാരണമായേക്കാമെന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. ഡ്രൈവർമാർ റോഡിൽ അതീവ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.