യുഎഇ : സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) വീണ്ടും നീട്ടി. ഔദ്യോഗിക വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകളെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിച്ചുകൊണ്ട് ബോർഡ് പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് നേരത്തെ മെയ് 24 വരെ നിശ്ചയിച്ചിരുന്ന സമയപരിധി മെയ് 25 തിങ്കളാഴ്ച അർദ്ധരാത്രി വരെയാക്കി പുതുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 22-ലെ സർക്കുലറിന്റെ തുടർച്ചയായി ഈ തീരുമാനം കൈക്കൊണ്ടതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. തീയതി നീട്ടിയതൊഴിച്ചാൽ അപേക്ഷിക്കുന്നതിനുള്ള മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്നും പുതുക്കിയ സമയപരിധിക്കുള്ളിൽ വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു തീർക്കണമെന്നും അധികൃതർ അറിയിച്ചു.
17