Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:25 AM

യുഎഇക്കെതിരായ ഇറാന്റെ ആരോപണങ്ങളെ അപലപിച്ച് ജിസിസി

by Raneesha Razak

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയം ഉന്നയിച്ച ആരോപണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായി അപലപിച്ചു. ഇറാന്റെ പ്രസ്താവനയിലെ കാര്യങ്ങൾ തികച്ചും അസത്യവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. റിയാദിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാജ്യങ്ങളോട് ഇറാൻ പുലർത്തുന്ന പ്രകോപനപരമായ സമീപനമാണ് ഇത്തരം തെറ്റായ ആരോപണങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുടെ ഭൂപ്രദേശങ്ങൾക്ക് നേരെ ഇറാൻ നേരത്തെ നടത്തിയ ആക്രമണങ്ങൾ നിരുത്തരവാദപരമായിരുന്നുവെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. വസ്തുതകളെ വളച്ചൊടിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമാണ്. മേഖലയിൽ മനപ്പൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാനും സുരക്ഷയും സമാധാനവും തകർക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്. ഇത്തരം ശത്രുതാപരമായ സമീപനങ്ങൾ മിഡിൽ ഈസ്റ്റിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ വിഷയത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ജിസിസി അറിയിച്ചു. യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും മറ്റു അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടാകും. യുഎഇയുടെ സുരക്ഷ എന്നത് എല്ലാ ജിസിസി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്നും അൽ ബുദൈവി വ്യക്തമാക്കി. അതേസമയം, തങ്ങളുടെ പരമാധികാരത്തെയോ സ്വതന്ത്രമായ തീരുമാനങ്ങളെയോ ചോദ്യം ചെയ്യുന്ന ഇറാന്റെ ഭാഗത്തുനിന്നുള്ള ഒരു ഭീഷണിയും അംഗീകരിക്കില്ലെന്ന് യുഎഇയും വ്യക്തമാക്കിയിട്ടുണ്ട്.

You may also like