ദുബായ് : യുഎഇയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി. ഉന്നതതല യുഎഇ പ്രതിനിധി സംഘത്തോടൊപ്പം സ്വീഡൻ സന്ദർശിക്കുന്നതിനിടയിലാണ് സ്റ്റോക്ക്ഹോമിൽ വെച്ച് നിർണായകമായ ഈ കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഭാവി വികസന ലക്ഷ്യങ്ങളും സുസ്ഥിര വികസനത്തിനായുള്ള പങ്കാളിത്തവും യോഗത്തിൽ ചർച്ചയായി. സന്ദർശനത്തിന്റെ ഭാഗമായി സ്വീഡനിലെ ആരോഗ്യ-സാമൂഹിക കാര്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഷെയ്ഖ ലത്തീഫ കൂടിക്കാഴ്ച നടത്തി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യ-സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വീഡൻ നടപ്പിലാക്കുന്ന മികച്ച മാതൃകകൾ പ്രതിനിധി സംഘം വിലയിരുത്തി. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ കാബിനറ്റ് സെക്രട്ടറി ജനറൽ മറിയം ബിന്ത് അഹമ്മദ് അൽ ഹമ്മാദി, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ്, യുഎന്നിലെ യുഎഇ ഡെപ്യൂട്ടി പെർമനന്റ് പ്രതിനിധി ഘസഖ് ഷഹീൻ എന്നിവരും യുഎഇ സംഘത്തിലുണ്ടായിരുന്നു.