അബുദാബി: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഒരു മില്യൺ ദിർഹത്തിന്റെ (ഏകദേശം 2.25 കോടിയിലധികം ഇന്ത്യൻ രൂപ) മാനുഷിക സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. അപകടത്തിൽപ്പെട്ട എല്ലാ വ്യക്തികളുടെയും കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹത്തിന്റെ അറിയിച്ചു.
ധനസഹായ പദ്ധതി പ്രകാരം അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 1,80,000 ദിർഹവും മാറ്റിവെച്ചിട്ടുണ്ട്. ഇതിന് പുറമെ, അപകട വിവരം അറിഞ്ഞ് നാട്ടിൽ നിന്നും എത്തുന്ന കുടുംബാംഗങ്ങളുടെ അടിയന്തിര യാത്ര, താമസം എന്നിവയ്ക്കായി 70,000 ദിർഹവും, ദുരന്തത്തിനിരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 50,000 ദിർഹവും ഈ പാക്കേജിലൂടെ നൽകും.