13
ദുബായ് : മനുഷ്യന്റെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്ന നിർണായക മേഖലകളുടെ വികസനത്തിനായി 30,000 ഗവേഷകരെയും വിദഗ്ധരെയും ആകർഷ ലക്ഷ്യമിട്ട് പുതിയ റിസർച്ച് ഹബ്ബ് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘നാദ് സബീൽ’ (Nad Zabeel) എന്ന് പേരിട്ടിരിക്കുന്ന ദുബായ് ഫ്യൂച്ചർ റിസർച്ച് ഹബ്ബാണ് ഞായറാഴ്ച അദ്ദേഹം പ്രഖ്യാപിച്ചത്.
ഭാവി എന്നത് കാത്തിരുന്നു വാങ്ങേണ്ട ഒന്നല്ലെന്നും മറിച്ച് നമ്മൾ തന്നെ നിർമ്മിച്ചെടുക്കേണ്ടതാണെന്നും തന്റെ എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഭാവി വികസനങ്ങളുടെ വേഗതയല്ല, മറിച്ച് അതിനായി തയ്യാറെടുക്കാൻ വൈകുന്നതാണ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് ഫ്യൂച്ചർ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളുടെ നിരയിലേക്കാണ് ഇപ്പോൾ ‘നാദ് സബീൽ’ കൂടി എത്തുന്നതെന്നും, ഭാവി മുൻകൂട്ടി കാണാനും അതിനായി തയ്യാറെടുക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച അന്തരീക്ഷം ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.