14
ദുബായ് : അൽ സത്വ മേഖലയിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പുതിയ ഭേദഗതികളുമായി ദുബായ് നഗരസഭ. പ്രോപ്പർട്ടി ഉടമകൾക്ക് കൂടുതൽ ഉയരത്തിലുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും കൂടുതൽ വാണിജ്യ ഇടങ്ങൾ ഉൾപ്പെടുത്തുന്നതിനും പുതിയ നിയമം അനുമതി നൽകുന്നു.
പ്ലോട്ടുകളുടെ വലിപ്പവും സ്ഥിതി ചെയ്യുന്ന സ്ഥലവും അടിസ്ഥാനമാക്കി നിർമ്മാണങ്ങളിൽ കൂടുതൽ ഇളവുകളും പുതിയ ചട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്തുക, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, അൽ സത്വയുടെ ഭാവി വികസനം ലക്ഷ്യമിടുക എന്നിവയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള വില്ലകൾക്ക് പകരം താഴത്തെ നിലയ്ക്കുപുറമെ രണ്ട് നിലകളുള്ള റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നിർമ്മിക്കാം.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടോ മൂന്നോ നിലകളുള്ള റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ അനുമതിയുണ്ട്. പ്ലോട്ടിന്റെ ലൊക്കേഷനും പ്ലാനിംഗ് ആവശ്യകതകളും അനുസരിച്ചായിരിക്കും ഇത്.
ഈ മാറ്റങ്ങൾ വഴി ഭൂവുടമകൾക്ക് സ്വന്തം ഭൂമി പുനർവികസിപ്പിക്കാനും മേഖലയിൽ കൂടുതൽ താമസ-വാണിജ്യ ഇടങ്ങൾ ലഭ്യമാക്കാനും സാധിക്കും.