Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:50 PM

ഭക്ഷ്യസുരക്ഷയ്ക്കായി നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ ക്ഷണിച്ച് യുഎഇ

by Raneesha Razak

ദുബായ്: രാജ്യത്തിന്റെ മുൻഗണനാ വിഷയമായ ഭക്ഷ്യസുരക്ഷയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സ്വദേശി സ്കൂൾ വിദ്യാർത്ഥികളെ ക്ഷണിച്ച് യുഎഇ. ‘യുഎഇ നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി 2051’-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ആരംഭിച്ചു. അബ്ദുല്ല അൽ ഗുറൈർ ഫൗണ്ടേഷൻ (AGF) നടത്തുന്ന ‘തക്വീൻ അൽ ഗുറൈർ ഇന്നൊവേഷൻ ചലഞ്ചിന്റെ’ (Takween Al Ghurair Innovation Challenge) രണ്ടാം പതിപ്പിലാണ് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുങ്ങുന്നത്. ‘മരുഭൂമിയിൽ നിന്ന് തീൻമേശയിലേക്ക് ഭക്ഷണം വളർത്തുക’ (Growing Food: From Desert to Table) എന്നതാണ് ഇത്തവണത്തെ പ്രമേയം. മരുഭൂമിയിലെ സാഹചര്യങ്ങളിൽ എങ്ങനെ ഭക്ഷ്യോൽപ്പാദനം നടത്താം, ജലം എങ്ങനെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം, പ്രാദേശിക ഭക്ഷ്യസംവിധാനങ്ങളെ എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ കാര്യങ്ങളിലാണ് വിദ്യാർത്ഥികൾ പരിഹാരങ്ങൾ കണ്ടെത്തേണ്ടത്. ആധുനിക ശാസ്ത്രീയ മുന്നേറ്റങ്ങളും പരമ്പരാഗത എമിറാത്തി കാർഷിക അറിവുകളും സംയോജിപ്പിച്ചുള്ള ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.
2026-2027 അധ്യയന വർഷത്തേക്കുള്ള ഈ മത്സരത്തിൽ മൂന്ന് മുതൽ നാല് വരെ വിദ്യാർത്ഥികൾ അടങ്ങുന്ന ഏകദേശം 300 ടീമുകളിലായി 1,200-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകൾ, അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെ (ADEK) ചാർട്ടർ സ്കൂളുകൾ, കുറഞ്ഞത് 70 ശതമാനം സ്വദേശി വിദ്യാർത്ഥികളുള്ള സ്വകാര്യ സ്കൂളുകൾ എന്നിവയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്. 5 മുതൽ 8 വരെയുള്ള ഗ്രേഡുകൾ, 9 മുതൽ 12 വരെയുള്ള ഗ്രേഡുകൾ എന്നിങ്ങനെ രണ്ട് പ്രായവിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഭക്ഷ്യസംവിധാനങ്ങളും കമ്മ്യൂണിറ്റി പ്രതിരോധശേഷിയും പ്രമേയമാക്കിയുള്ള നോൺ-ടെക്നോളജി വിഭാഗം, കൃഷിയും കാലാവസ്ഥയും ആസ്പദമാക്കിയുള്ള ടെക്നോളജി വിഭാഗം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ടീമുകൾക്ക് മത്സരിക്കാം. 2027 ജനുവരി 17 വരെയാണ് രജിസ്ട്രേഷനുള്ള സമയപരിധി.
മത്സരത്തിന്റെ ആദ്യഘട്ടത്തിൽ അധ്യാപകരുടെയോ പരിശീലകരുടെയോ സഹായത്തോടെയും ഓൺലൈൻ മാസ്റ്റർക്ലാസുകളുടെ പിന്തുണയോടെയും തയ്യാറാക്കിയ പ്രൊപ്പോസൽ അല്ലെങ്കിൽ പോർട്ട്ഫോളിയോ ടീമുകൾ സമർപ്പിക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 32 ടീമുകൾക്ക് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിനുള്ള കിറ്റുകൾ നൽകും. തുടർന്ന് നേരിട്ട് നടക്കുന്ന ഫൈനൽ മത്സരത്തിൽ വ്യവസായ വിദഗ്ധരുടെ പാനലിന് മുന്നിൽ ഈ മാതൃകകൾ അവതരിപ്പിക്കേണ്ടതുണ്ട്. വിജയികൾക്ക് ക്യാഷ് വൗച്ചറുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് പുറമെ, പ്രമുഖ ഫാമുകളും ഭക്ഷ്യോൽപ്പാദന കേന്ദ്രങ്ങളും സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.

You may also like