ദുബായ് : ദുബായ് കസ്റ്റംസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്താരാഷ്ട്ര സംയുക്ത ഓപ്പറേഷനിൽ 1.332 ടൺ മയക്കുമരുന്ന് ഗുളികകൾ (Tapentadol tablets) പിടികൂടി. ഏഷ്യയിൽ നിന്ന് ആഫ്രിക്കൻ രാജ്യത്തിലേക്ക് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരമാണ് ലക്ഷ്യസ്ഥാനത്ത് വെച്ച് അധികൃതർ പിടിച്ചെടുത്തത്.
അതിർത്തികൾ കടന്നുള്ള കള്ളക്കടത്ത് ശൃംഖലകളെയും സംഘടിത കുറ്റകൃത്യങ്ങളെയും അടിച്ചമർത്തുന്നതിൽ അന്താരാഷ്ട്ര ഏജൻസികളുമായുള്ള വിവരങ്ങൾ പങ്കുവെക്കൽ എത്രത്തോളം നിർണായകമാണെന്ന് ഈ ഓപ്പറേഷൻ തെളിയിക്കുന്നതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. ഇന്റർപോൾ, വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായി ദുബായ് കസ്റ്റംസ് നിരന്തരം സഹകരിച്ചു വരുന്നുണ്ട്.
ലഹരിക്കടത്ത് തടയാൻ എക്സ്-റേ സ്കാനിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ, സ്മാർട്ട് റിസ്ക് എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ദുബായ് കസ്റ്റംസ് ഉപയോഗിക്കുന്നത്. ആഗോള സുരക്ഷാ വ്യവസ്ഥയിൽ ദുബായ് എത്രത്തോളം വിശ്വസ്ത പങ്കാളിയാണെന്ന് ഈ നേട്ടം വ്യക്തമാക്കുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസനാദ് പറഞ്ഞു. കൃത്യമായ വിവരം നൽകി സഹായിച്ച ദുബായ് കസ്റ്റംസിന് ലഹരിമരുന്ന് പിടികൂടിയ ആഫ്രിക്കൻ രാജ്യത്തിലെ ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.