Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:39 AM

വ്യാജ സമ്മർ ഓഫറുകളിൽ വീഴരുത്; അവധിക്കാല യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : വേനലവധിക്കാലത്ത് യാത്രാച്ചെലവുകൾ കുറയ്ക്കാൻ കുറഞ്ഞ നിരക്കിലുള്ള ലക്ഷ്വറി വില്ലകൾ തിരയുന്നവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ (Online fraud) പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് ആകർഷകമായ ഓഫറുകൾ പരസ്യം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. ദുബായ് പോലീസ് നടത്തിവരുന്ന ‘ബീ അവെയർ ഓഫ് ഫ്രോഡ്’ (Be Aware of Fraud) എന്ന ബോധവൽക്കരണ കാമ്പെയ്ന്റെ ഭാഗമായാണ് ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
സോഷ്യൽ മീഡിയയിലെ ഒരു വ്യാജ പരസ്യം കണ്ട് ദുബായിലെ ഒരു വില്ല ബുക്ക് ചെയ്യാൻ ശ്രമിച്ച് 8,000 ദിർഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ പരാതിക്ക് പിന്നാലെയാണ് പോലീസിന്റെ നടപടി. ബുക്കിംഗ് അഡ്വാൻസ് ആയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും പണം വാങ്ങി കഴിഞ്ഞയുടൻ തട്ടിപ്പുകാർ തങ്ങളുടെ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും റദ്ദാക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ റിസോർട്ടുകളുടെയും വില്ലകളുടെയും ചിത്രങ്ങൾ മോഷ്ടിച്ചാണ് ഇവർ വ്യാജ പരസ്യങ്ങൾ നിർമ്മിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും, നേരിട്ട് കണ്ട് ബോധ്യപ്പെടാതെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കരുതെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായാൽ ദുബായ് പോലീസിന്റെ ‘ഇ-ക്രൈം’ (e-Crime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നോൺ-എമർജൻസി നമ്പറിലോ ഉടൻ വിവരമറിയിക്കണം.

You may also like