10
അബുദാബി: യുഎഇയോട് സൊമാലിയൻ സർക്കാർ സ്വീകരിക്കുന്ന പ്രകോപനപരവും ശത്രുതാപരവുമായ സമീപനത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ തകർക്കുന്നതും സഹകരണത്തിന്റെ അടിത്തറ ദുർബലപ്പെടുത്തുന്നതുമായ ഉത്തരവാദിത്തമില്ലാത്ത നിലപാടുകളാണ് സൊമാലിയയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് യുഎഇ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തീരുമാനങ്ങൾ പൊതുവായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, രാഷ്ട്രീയ താൽപ്പര്യങ്ങളിൽ നിന്നും ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ആഭ്യന്തര അധികാര വടംവലികൾ ഉഭയകക്ഷി ബന്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള സൊമാലിയൻ സർക്കാരിന്റെ ശ്രമങ്ങളിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
യുഎഇ എംബസിക്കും നയങ്ങൾക്കുമെതിരായ സൊമാലിയൻ സർക്കാരിന്റെ ശത്രുതാപരമായ നടപടികളെയും, ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറുകൾ റദ്ദാക്കിയ തീരുമാനത്തെയും തുടർന്ന് 2026 ജനുവരിയിൽ സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ യുഎഇ എംബസി അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തിരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. സഹോദരതുല്യരായ സൊമാലിയൻ ജനതയോട് യുഎഇയ്ക്ക് വലിയ ആദരവാണുള്ളതെന്നും, പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്ന സൊമാലിയൻ സമൂഹവുമായും സന്ദർശകരുമായും ഉള്ള ബന്ധത്തിൽ അഭിമാനിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുജനതകളും തമ്മിലുള്ള ഈ ബന്ധവും പൊതുവായ താൽപ്പര്യങ്ങളും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.