Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 11:12 PM

മൂന്ന് ഫെരാരി എഫ്1 കാറുകളുടെ എഞ്ചിൻ ഗർജ്ജനം ഒരു വേദിയിൽ; ആരാധകർക്ക് വിരുന്നൊരുക്കി അബുദാബി

by Raneesha Razak
അബുദാബി: ഫോർമുല 1 എത്തിഹാദ് എയർവേയ്‌സ് അബുദാബി ഗ്രാൻഡ് പ്രിക്സ് 2026 ആഘോഷങ്ങളുടെ ഭാഗമായി സ്കൂഡേറിയ ഫെരാരി എച്ച്പി (Scuderia Ferrari HP) ഫോർമുല 1 കാറുകളുടെ എഞ്ചിൻ ഇരമ്പൽ കോർത്തിണക്കി പൊതുജനങ്ങൾക്കായി സൗജന്യ ലൈവ് ‘കൺസേർട്ട്’ ഒരുക്കുന്നു. ‘സിംഫണി ഓഫ് സ്പീഡ്’ (Symphony of Speed) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടിയിൽ മൂന്ന് ഫെരാരി എഫ്1 കാറുകളുടെ വ്യത്യസ്തമായ എഞ്ചിൻ ശബ്ദങ്ങളാണ് സംഗീതവിരുന്നായി മാറുന്നത്. ഡിസംബർ 3-ന് വൈകുന്നേരം 5:30-ന് യാസ് ഐലൻഡിലെ ഫെരാരി വേൾഡ് ഫാൻസോൺ (FanZone) ഇതിനായി ഒരു തുറന്ന വേദിയായി മാറും.
മൂന്ന് കാറുകൾക്കും അവയുടേതായ പ്രത്യേക ശബ്ദമാണുള്ളത്; ഫെരാരിയുടെ റേസിംഗ് പാരമ്പര്യത്തെയും എഞ്ചിനീയറിംഗ് മികവിനെയും ആഘോഷിച്ചുകൊണ്ട് ഈ വ്യത്യസ്ത ശബ്ദങ്ങളെ പരസ്പരം സമന്വയിപ്പിച്ചാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫാൻസോണിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായതിനാൽ, ഗ്രാൻഡ് പ്രിക്സ് ടിക്കറ്റുകൾ ഇല്ലാത്ത ആരാധകർക്കും ഈ പ്രധാന പരിപാടി നേരിട്ട് ആസ്വദിക്കാൻ സാധിക്കും.
ഫോർമുല 1 സീസണിന്റെ കലാശപ്പോരാട്ടത്തിനായി ലോകം യാസ് ഐലൻഡിലേക്ക് ഉറ്റുനോക്കുന്ന ഗ്രാൻഡ് പ്രിക്സ് വാരാന്ത്യത്തിന് തൊട്ടുമുമ്പായാണ് ഈ പ്രകടനം നടക്കുന്നത്. ഗ്രാൻഡ് പ്രിക്സ് വാരാന്ത്യത്തിലുടനീളം ഫാൻസോണിൽ തത്സമയ മത്സര സംപ്രേക്ഷണം, ടയർ-ചേഞ്ച് ചലഞ്ച്, എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കുമുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 4 മുതൽ 6 വരെയാണ് ഈ വർഷത്തെ റേസ് വാരാന്ത്യം നടക്കുന്നത്; 2026 ഡിസംബർ 6 ഞായറാഴ്ചയാണ് ആവേശകരമായ ഫൈനൽ മത്സരം.

You may also like