Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 02:08 PM

60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ പാർക്കിംഗ്; 7,372 പെർമിറ്റുകളുമായി ഷാർജ മുനിസിപ്പാലിറ്റി

by Raneesha Razak
ഷാർജ: മുതിർന്ന പൗരന്മാരുടെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2026-ന്റെ തുടക്കം മുതൽ ഇതുവരെ 7,372 സൗജന്യ പൊതുപാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ അനുവദിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി (Sharjah City Municipality) അറിയിച്ചു. 60 വയസ്സും അതിനുമുകളിലും പ്രായമുള്ള യോഗ്യരായ താമസക്കാർക്ക് എമിറേറ്റിലെ എല്ലാ പെയ്ഡ് പബ്ലിക് പാർക്കിംഗ് സ്ഥലങ്ങളിലും ഏത് സമയത്തും സൗജന്യമായി വാഹനം പാർക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും.
2025-ൽ ആകെ അനുവദിച്ച 6,734 സൗജന്യ പെർമിറ്റുകളെ അപേക്ഷിച്ച് ഈ വർഷം അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ദൈനംദിന യാത്രകളും പൊതുസേവന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സേവനത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണിത് വ്യക്തമാക്കുന്നത്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തിനും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഷാർജ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സൗജന്യ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ എളുപ്പത്തിൽ നേടാനും പുതുക്കാനും സാധിക്കുമെന്ന് പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് അൽ ഖായിദ് അറിയിച്ചു. മുതിർന്ന പൗരന്മാർക്ക് ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നിർവ്വഹിക്കാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനും പാർക്കിംഗ് ഫീസ് ഇളവ് വലിയ സഹായമാകുന്നു. മികച്ച നിലവാരമുള്ള നഗര അന്തരീക്ഷം വികസിപ്പിക്കുന്നതിനും, പൊതുസേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും ഷാർജ നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like