10
അബുദാബി: ‘ഞങ്ങൾ സമയത്തിന് മൂല്യം നൽകുന്നു, അതിലെ മികച്ച നിമിഷങ്ങൾ നിങ്ങൾക്കായി വിട്ടുനൽകുന്നു’ (We Give Time Its Value. We Leave You with Its Best Moments) എന്ന പ്രമേയത്തിൽ ജൈറ്റെക്സ് ഗ്ലോബൽ 2026-ൽ (GITEX Global 2026) പങ്കെടുക്കാൻ ഒരുങ്ങി അബുദാബി സർക്കാർ. എമിറേറ്റിലുടനീളം നിലവിൽ നടപ്പിലാക്കിവരുന്ന 80-ലധികം പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളുടെ സമയം ലാഭിക്കാൻ നിർമ്മിത ബുദ്ധി (AI) എങ്ങനെ സഹായിക്കുന്നുവെന്നാണ് പ്രദർശനത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
2027-ഓടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ‘എഐ-നേറ്റീവ്’ (AI-native) സർക്കാരായി മാറുക എന്ന അബുദാബിയുടെ വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം. ഈ വർഷത്തെ പ്രദർശനം രണ്ട് വേദികളിലായാണ് നടക്കുന്നത്. 2026 ഡിസംബർ 7-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന പരിപാടികൾ, ഡിസംബർ 8 മുതൽ 11 വരെ എക്സ്പോ സിറ്റി ദുബായിലേക്ക് (Expo City Dubai) മാറും. 30-ലധികം സർക്കാർ സ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും അബുദാബി ഗവൺമെന്റ് പവലിയനിൽ ഒരുമിച്ച് അണിനിരക്കും. സർക്കാർ സേവനങ്ങൾ തേടുന്ന ഉപഭോക്താക്കളുടെയും സേവനങ്ങൾ നൽകുന്ന ജീവനക്കാരുടെയും സമയം ലാഭിക്കാൻ എഐ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ സാധിക്കുമെന്നാണ് പ്രദർശിപ്പിക്കുന്ന പദ്ധതികളിലൂടെ വ്യക്തമാക്കുന്നത്.