അബുദാബി : യുഎഇ ഒട്ടാകെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഇത്തിഹാദ് റെയിൽ’ (Etihad Rail) പാസഞ്ചർ സർവീസ് ജൂൺ 30 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു. എമിറേറ്റുകൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്ന ഈ ചരിത്ര റെയിൽവേ പദ്ധതിയുടെ ആദ്യ ദിന യാത്രക്കാരാകാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള നിരവധി യുഎഇ നിവാസികളാണ് ഇതിനകം തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ദീർഘദൂര ഡ്രൈവിംഗിന്റെ ക്ഷീണമില്ലാതെ കുടുംബങ്ങളെ സന്ദർശിക്കാനും, ട്രാഫിക് കുരുക്കുകൾ ഒഴിവാക്കാനും പുതിയ ട്രെയിൻ സർവീസ് സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു.
1989 മുതൽ യുഎഇയിൽ താമസിക്കുന്ന അജ്മാനിൽ നിന്നുള്ള ഗോൾഡൻ വിസ ലഭിച്ച പ്രയാഗ സുരേഷ് (66) എന്ന മലയാളി വനിതയും ഭർത്താവും ഫുജൈറയിൽ നിന്നും അബുദാബിയിലേക്കുള്ള ഈ ആദ്യ യാത്രയുടെ ഭാഗമാകാൻ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ ചരിത്ര വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഇവർ പറഞ്ഞു. അടുത്തിടെ 9 ദിവസത്തെ ട്രാൻസ്-സൈബീരിയൻ ട്രെയിൻ യാത്ര പൂർത്തിയാക്കിയ ഇവർക്ക് യുഎഇയിലെ ആദ്യ ട്രെയിൻ യാത്ര ഇരട്ടി മധുരമാണ്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ വലിയ തിരക്കാണ് ഇത്തിഹാദ് റെയിലിൽ പ്രതീക്ഷിക്കുന്നത്.
Tag: