ദുബായ് : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയുടെ ദേശീയ ഏറോബാറ്റിക് ഡിസ്പ്ലേ ടീമായ ‘അൽ ഫുർസാൻ’ അമേരിക്കയിലെത്തി. ചരിത്രത്തിലാദ്യമായാണ് യുഎഇ സംഘം യുഎസ് ആകാശത്ത് വ്യോമാഭ്യാസ പ്രകടനം നടത്തുന്നത്. ഇന്ന് നടക്കുന്ന ഔദ്യോഗിക വ്യോമപ്രകടനത്തിൽ യുഎസ് നേവിയുടെ ‘ബ്ലൂ ഏഞ്ചൽസിനൊപ്പവും’ യുഎസ് എയർഫോഴ്സ് വിമാനങ്ങൾക്കൊപ്പവും അൽ ഫുർസാൻ വിമാനങ്ങളും അണിനിരക്കും. യുഎഇയും യുഎസും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം.
ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ ജോൺസ് ബീച്ചിന് മുകളിൽ അൽ ഫുർസാൻ തങ്ങളുടെ തനതായ ആകാശവിസ്മയം തീർക്കും. അത്യാധുനിക ഫ്ലൈയിംഗ് ഫോർമേഷനുകളിലൂടെ യുഎഇ ദേശീയ പതാകയുടെ നിറങ്ങൾ അവർ അമേരിക്കൻ ആകാശത്ത് വിരിയിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെയും സമാധാനം, സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയുമാണ് ഈ പങ്കാളിത്തം അടിവരയിടുന്നത്. ആഗോളതലത്തിൽ എമിറാത്തി വ്യോമയാന മേഖലയുടെ പ്രൊഫഷണലിസവും കഴിവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഈ ചരിത്ര നിമിഷം വഴിയൊരുക്കും.