ദുബായ് : ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനും പ്രാദേശിക സുസ്ഥിരതയ്ക്കും ഈ സംഭവം വലിയ ഭീഷണിയാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി.
പ്രധാനപ്പെട്ട സമുദ്ര ഇടനാഴികളുടെ സുരക്ഷിതത്വം തകർക്കുന്നതിനും ആഗോള കപ്പൽ ഗതാഗത റൂട്ടുകളുടെ സുരക്ഷ അപകടപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഗുരുതരമായ പ്രകോപനമാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ യുഎഇ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയം 2817-ന്റെ ലംഘനമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും ഹോർമുസ് കടലിടുക്ക് സാമ്പത്തികമായി ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ വ്യക്തമാക്കി. ഇത്തരം നടപടികൾ ലോകത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും മേഖലയിലെ സമാധാനത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും യുഎഇ ഭരണകൂടം ഓർമ്മിപ്പിച്ചു.