ദുബായ് : ഹിജ്റ പുതുവത്സര (1448 AH)ത്തോടനുബന്ധിച്ച് യുഎഇയിലെയും ലോകമെമ്പാടുമുള്ളതുമായ മുഴുവൻ മുസ്ലിംകൾക്കും ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. പുതിയ വർഷം യുഎഇയിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും സമാധാനവും പുരോഗതിയും സ്ഥിരതയും കൊണ്ടുവരട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു. അറബ്-ഇസ്ലാമിക സമൂഹങ്ങൾക്കും യുഎഇയിലെ ജനങ്ങൾക്കും അനുഗ്രഹങ്ങളും സമൃദ്ധിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. ചരിത്രത്തെ മാറ്റിമറിച്ച പ്രവാചകന്റെ മക്കയിൽ നിന്നുള്ള മദീനാ പലായനത്തിന്റെ (ഹിജ്റ) ഓർമ്മകൾ പുതുക്കുന്നതാണ് ഈ ദിനമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഓർമ്മിപ്പിച്ചു. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 16 ചൊവ്വാഴ്ചയാണ് യുഎഇയിൽ മുഹറം ഒന്നായി പ്രഖ്യാപിച്ചത്.
UAEHolidays
ദുബായ് : ഈദ് അൽ അദ്ഹയുടെ (ബക്രീദ്) നീണ്ട അവധിക്കാലത്തിന് ശേഷം യുഎഇയിലെ ജനങ്ങൾ അടുത്ത പൊതു അവധി എപ്പോഴാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. വരാനിരിക്കുന്ന അടുത്ത ഔദ്യോഗിക അവധി ജൂൺ പകുതിയോടെ എത്തുന്ന ഹിജ്റ പുതുവർഷത്തിന്റേതായിരിക്കുമെന്ന് (ഇസ്ലാമിക് ന്യൂ ഇയർ) പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ മുഹറം ഒന്നിനാണ് ഹിജ്റ പുതുവർഷമായി കണക്കാക്കുന്നത്.
നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ജൂൺ 15-ന് ദുൽ ഹിജ്ജ 29-ന് ചന്ദ്രനെ കാണുകയാണെങ്കിൽ ജൂൺ 16 ചൊവ്വാഴ്ചയോ, അല്ലാത്തപക്ഷം ജൂൺ 17 ബുധനാഴ്ചയോ ആയിരിക്കും ഹിജ്റ പുതുവർഷം ആരംഭിക്കുക. എന്നാൽ അന്തിമ തീയതി ഔദ്യോഗിക ചന്ദ്രദർശന സമിതിയുടെ പ്രഖ്യാപനത്തിന് വിധേയമായിരിക്കും. യുഎഇയിൽ നിലവിലുള്ള പുതിയ നിയമപ്രകാരം പെരുന്നാൾ അവധികൾ ഒഴികെയുള്ള പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. ഇതനുസരിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വരുന്ന അവധി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ആയി മാറ്റുകയാണെങ്കിൽ യുഎഇ താമസക്കാർക്ക് വാരാന്ത്യ അവധി ഉൾപ്പെടെ 3 അല്ലെങ്കിൽ 4 ദിവസത്തെ നീണ്ട അവധി ലഭിക്കാൻ വലിയ സാധ്യതയുണ്ട്.
ദുബായ് : ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതുഅവധിക്ക് യുഎഇ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനം എത്തുന്ന ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് താമസക്കാർക്ക് ആറ് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത. ഹജ്ജ് തീർത്ഥാടനത്തിന്റെ സമാപ്തി കുറിക്കുന്ന ഈ വേള ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അറഫാ ദിനവും തുടർന്നുള്ള പെരുന്നാൾ ദിനങ്ങളുമാണ് അവധിയുടെ ഭാഗമാകുക.
യുഎഇയിലെ ഔദ്യോഗിക കലണ്ടർ പ്രകാരം, അറഫാ ദിനവും ബലിപെരുന്നാളും നിശ്ചിത ദിവസങ്ങളിൽ തന്നെ ആഘോഷിക്കുന്നവയാണ്. ആഴ്ചയിലെ ഏത് ദിവസമാണ് ഇവ വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ആകെ അവധി ദിവസങ്ങളുടെ എണ്ണം കണക്കാക്കുക. ഇത്തവണത്തെ അവധി ദിവസങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മേയ് 26 ചൊവ്വാഴ്ച അറഫാ ദിനവും, മേയ് 27 ബുധനാഴ്ച ബലിപെരുന്നാളിന്റെ ആദ്യ ദിനവും ആകാനാണ് സാധ്യത. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ ചൊവ്വ മുതൽ വെള്ളി വരെ (മേയ് 26 – മേയ് 29) നാല് ദിവസത്തെ പൊതുഅവധി ലഭിക്കും. തുടർന്ന് വരുന്ന ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിച്ചേക്കാം. എന്നാൽ മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കി മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.