ദുബായ് : യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി യുഎഇയിലെ പ്രവാസി ജീവനക്കാരിൽ വലിയൊരു പങ്കും അവധിക്ക് പ്ലാൻ ചെയ്യുന്നതായി റിപ്പോർട്ട്. റിക്രൂട്ട്മെന്റ് സ്ഥാപനമായ റോബർട്ട് വാൾട്ടേഴ്സ് (Robert Walters) നടത്തിയ പുതിയ സർവേ പ്രകാരം, ഒൻപതിൽ ഒരു പ്രവാസി വീതം (11 ശതമാനം) തങ്ങളുടെ രാജ്യത്തിന്റെ മത്സരങ്ങൾക്ക് തൊട്ടടുത്ത ദിവസം ജോലിയിൽ നിന്ന് ‘സിക്ക് ലീവ്’ എടുക്കാൻ പദ്ധതിയിടുന്നു.
ടൈം സോണിലെ വ്യത്യാസങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിൽ പല പ്രധാന മത്സരങ്ങളും പുലർച്ചെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇത് ജീവനക്കാരുടെ ഉറക്കത്തെയും തൊഴിൽ സമയത്തെയും ബാധിക്കുന്നതിനാൽ സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ മത്സരങ്ങൾക്ക് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Home) താല്പര്യപ്പെടുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അഞ്ചിൽ രണ്ട് തൊഴിലുടമകൾ (40 ശതമാനം) ഇതിനകം തന്നെ ജീവനക്കാർക്കായി താൽക്കാലിക ജോലി സമയ ക്രമീകരണങ്ങളോ ഹൈബ്രിഡ് വർക്കിങ് സൗകര്യങ്ങളോ അനുവദിച്ച് കഴിഞ്ഞതായും സർവേ വ്യക്തമാക്കുന്നു.