യുഎഇ : സ്കൂൾ മധ്യവേനലവധിക്ക് മുന്നോടിയായി യുഎഇയിലെ ആയിരക്കണക്കിന് താമസക്കാർ യൂറോപ്പ് യാത്രകൾക്കായുള്ള ഒരുക്കങ്ങൾ സജീവമാക്കിയിരിക്കെ, യാത്രക്കാർക്ക് മുന്നറിയിപ്പുമായി പുതിയ വിസ സ്ഥിതിവിവരക്കണക്കുകൾ. ചില യൂറോപ്യൻ രാജ്യങ്ങൾ യാത്രക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും മൾട്ടിപ്പിൾ എൻട്രി വിസകൾ അനുവദിക്കുകയും ചെയ്യുമ്പോൾ, യുഎഇയിലെ ചില കോൺസുലേറ്റുകൾ അപേക്ഷകരിൽ പകുതിയിലധികം പേർക്കും വിസ നിഷേധിക്കുന്നതായാണ് യൂറോപ്യൻ കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം യുഎഇ താമസക്കാർക്ക് വിസ അനുവദിക്കുന്നതിൽ ഏറ്റവും കടുപ്പമേറിയ രാജ്യം ബൾഗേറിയയാണ്.
അപേക്ഷിച്ചവരിൽ 58.2 ശതമാനം പേരുടെയും വിസയാണ് ബൾഗേറിയൻ എംബസി നിഷേധിച്ചത്. രണ്ടാമതുള്ള ലക്സംബർഗ് 48.5 ശതമാനം അപേക്ഷകളും നിരസിച്ചപ്പോൾ, എസ്തോണിയ 46.4 ശതമാനം നിരക്കോടെ മൂന്നാം സ്ഥാനത്തുണ്ട്. അപേക്ഷകരുടെ എണ്ണം കുറവായ ചെറുകിട രാജ്യങ്ങൾ മാത്രമല്ല, യുഎഇയിൽ നിന്ന് കൂടുതൽ സഞ്ചാരികൾ എത്തുന്ന മാൾട്ട (45.9%), ക്രൊയേഷ്യ (42.6%), സ്വീഡൻ (40.7%) എന്നീ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉയർന്ന നിരക്കിൽ വിസ നിരസിക്കുന്നുണ്ട്. ഹംഗറി 35.2 ശതമാനം അപേക്ഷകരെയും പോളണ്ട് 32.5 ശതമാനം പേരെയും മടക്കി അയച്ചപ്പോൾ, ഒൻപതും പത്തും സ്ഥാനങ്ങളിലുള്ള ഡെന്മാർക്ക് 31.8 ശതമാനം അപേക്ഷകളും സ്ലൊവാക്യ 31.5 ശതമാനം അപേക്ഷകളും നിരസിച്ചു. ആഗോളതലത്തിൽ 2025-ൽ ഷെങ്കൻ വിസ അപേക്ഷകളിൽ 1.8 ശതമാനം വർധനവുണ്ടാവുകയും പത്ത് മില്യണിലധികം വിസകൾ അനുവദിക്കുകയും ചെയ്തിട്ടും ഈ പത്ത് രാജ്യങ്ങളിലെ ഉയർന്ന നിരസിക്കൽ നിരക്ക് യുഎഇ യാത്രികരുടെ അവധിക്കാല ആസൂത്രണങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.