ദുബായ് : യുഎഇയിലെ ലക്ഷ്വറി റീട്ടെയ്ൽ മേഖല കേവലം ആഡംബര ഉത്പന്നങ്ങൾ വിൽക്കുന്നതിനപ്പുറം ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ‘അനുഭവങ്ങൾ’ (Experiences) സമ്മാനിക്കുന്ന രീതിയിലേക്ക് മാറുന്നതായി സാവില്സിന്റെ (Savills) ആഗോള ലക്ഷ്വറി റീട്ടെയ്ൽ റിപ്പോർട്ട്. പുതിയ ആഡംബര കടകൾ തുറക്കുന്നത് ആഗോളതലത്തിൽ കുറയുമ്പോഴും, ദുബായ് ഉൾപ്പെടെയുള്ള യുഎഇ നഗരങ്ങളിലേക്ക് വൻകിട ബ്രാൻഡുകൾ ഇപ്പോഴും ആകർഷിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാരികളുടെ വർദ്ധനവും അതിസമ്പന്നരുടെ (HNWIs) കുടിയേറ്റവുമാണ് ഇതിന് കാരണം.
ആഡംബര ഉത്പന്നങ്ങളുടെ ആഗോള വിപണിയിൽ നേരിയ ഇടിവുണ്ടായപ്പോഴും ട്രാവൽ, ഫൈൻ ഡൈനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ ലക്ഷ്വറി അനുഭവങ്ങൾക്കായി അതിസമ്പന്നർ നടത്തുന്ന ചിലവഴിക്കൽ 260 ബില്യൺ യൂറോയായി ഉയർന്നു. ഈ മാറ്റം ഉൾക്കൊണ്ട് വൻകിട ബ്രാൻഡുകൾ ഹോട്ടലുകൾ, ബ്രാൻഡഡ് റെസിഡൻസുകൾ എന്നിവയുമായി ചേർന്ന് റീട്ടെയ്ൽ രംഗം വികസിപ്പിക്കുകയാണെന്ന് സാവിൽസ് മിഡിൽ ഈസ്റ്റ് അസോസിയേറ്റ് ഡയറക്ടർ തിയ റോവ് പറഞ്ഞു. മികച്ച റീട്ടെയ്ൽ സ്ഥലങ്ങളുടെ കുറവ് നേരിടുന്ന 2026-ൽ, പുതിയ കടകൾ തുറക്കുന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് മികച്ച ലൈഫ്സ്റ്റൈൽ അനുഭവങ്ങൾ നൽകാനാണ് ബ്രാൻഡുകൾ മുൻഗണന നൽകുന്നത്.
Tag: