മദീന : ഹജ്ജ് കർമ്മങ്ങൾക്കായി ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മദീനയിലെത്തി. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തീർത്ഥാടകരെ പാസ്പോർട്ട് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. യാത്രക്കാരുടെ നടപടിക്രമങ്ങൾ വളരെ വേഗത്തിലും സുഗമമായും വിമാനത്താവളത്തിൽ പൂർത്തിയാക്കി.
ഈ വർഷത്തെ ഹജ്ജ് സീസണിനായി എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, കര-കടൽ അതിർത്തികൾ എന്നിവിടങ്ങളിലെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ ഭാഷകൾ സംസാരിക്കാൻ കഴിയുന്ന വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് ഈ കേന്ദ്രങ്ങളിൽ നിയമിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിനിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.