ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ലളിതമാക്കുന്നതിനുമായി പുതിയ വർക്ക് പെർമിറ്റ് സംവിധാനം പ്രഖ്യാപിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE). സർക്കാരിന്റെ ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ (Zero Government Bureaucracy) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പുതിയ പരിഷ്കാരത്തിലൂടെ അനുബന്ധ രേഖകൾ സമർപ്പിക്കേണ്ടി വരുന്ന അവസ്ഥ 100 ശതമാനവും ഒഴിവാക്കി. ചില പെർമിറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ നൽകേണ്ട വിവരങ്ങളുടെ അളവ് 75 മുതൽ 97 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള സേവനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാനായി ജൂലൈ 30 വരെ നീണ്ടുനിൽക്കുന്ന ഓൺലൈൻ കൺസൾട്ടേഷനും മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി തൊഴിലുടമകൾക്ക് ഇനി അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാം.
വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങൾക്ക് അനുയോജ്യമായ 13 തരം വർക്ക് പെർമിറ്റുകളാണ് പ്രധാനമായും മന്ത്രാലയം നൽകുന്നത്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
പ്രൈവറ്റ് ട്യൂട്ടറിംഗ് വർക്ക് പെർമിറ്റ് : സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്കായി പ്രത്യേകം നൽകുന്ന പെർമിറ്റ്.
രാജ്യത്തിന് പുറത്തുനിന്നുള്ള റിക്രൂട്ട്മെന്റ് പെർമിറ്റ് : വിദേശത്ത് നിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിന്. കാലാവധി 2 വർഷം.
ട്രാൻസ്ഫർ വർക്ക് പെർമിറ്റ് : മുൻ ജോലി അവസാനിച്ച ശേഷം നിലവിൽ യുഎഇയിലുള്ള ഒരാളെ പുതിയ കമ്പനിക്ക് നിയമിക്കാൻ. കാലാവധി 2 വർഷം.
ഫാമിലി സ്പോൺസർഷിപ്പിലുള്ളവർക്കുള്ള പെർമിറ്റ് : കുടുംബത്തോടൊപ്പം താമസിക്കുന്ന (ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സ്പോൺസർഷിപ്പിലുള്ള) താമസക്കാരെ നിയമിക്കാൻ. കാലാവധി 2 വർഷം.
താൽക്കാലിക വർക്ക് പെർമിറ്റ് : യുഎഇയിലുള്ള ഒരു ജീവനക്കാരനെ താൽക്കാലിക ആവശ്യങ്ങൾക്കായി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കുന്നു.
മിഷൻ വർക്ക് പെർമിറ്റ് : താൽക്കാലിക പ്രോജക്റ്റുകൾക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ എത്തിക്കാൻ.
പാർട്ട് ടൈം വർക്ക് പെർമിറ്റ് : ഒന്നിലധികം സ്ഥാപനങ്ങളിൽ ഒരേസമയം ജോലി ചെയ്യാൻ അനുവദിക്കുന്ന പെർമിറ്റ്. ഇതിനായി പ്രധാന തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. കാലാവധി 2 വർഷം.
ജുവനൈൽ വർക്ക് പെർമിറ്റ് : 15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായ അന്തരീക്ഷത്തിൽ പരിശീലനത്തിനും ജോലിക്കുമായി നൽകുന്നത്.