ദുബായ് : യുഎഇയിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) ബാധിതരായ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും അവർക്കായി കൂടുതൽ സൗകര്യപ്രദമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി പ്രത്യേക എച്ച്ആർ ഗൈഡ് പുറത്തിറക്കി. മെയ് 30-ലെ ലോക എംഎസ് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ കാമ്പെയ്ന്റെ ഭാഗമായാണ് ഈ നിർണായക ചുവടുവെപ്പ്. തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്. കടുത്ത തളർച്ച, കാഴ്ചശക്തി കുറയുക, നടക്കാനുള്ള ബുദ്ധിമുട്ട്, പേശി ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഈ രോഗാവസ്ഥയുള്ളവർക്ക് ഓഫീസുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട പരിഗണനകളെക്കുറിച്ചും ഗൈഡിൽ വ്യക്തമാക്കുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ദി ബട്ടർഫ്ലൈ’ എന്ന സംഘടനയുടെ പിന്തുണയോടെ നാഷണൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റിയാണ് (NMSS) ഈ മാർഗ്ഗരേഖ തയ്യാറാക്കിയത്. യുഎഇയിലെ കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവർക്ക് ആവശ്യമായ തൊഴിൽ ക്രമീകരണങ്ങൾ ചെയ്തു നൽകാനും ഈ പുതിയ ഗൈഡ് സഹായകരമാകും.