ദുബായ് : ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നടപ്പിലാക്കിയ സ്മാർട്ട് മിനിബസ് പൂളിങ് (Minibus Pooling) സേവനത്തിന് നഗരത്തിൽ വൻ സ്വീകാര്യത. 2024 ഡിസംബറിൽ ആരംഭിച്ച ഈ ആപ്പ് അധിഷ്ഠിത പ്രീ-ബുക്കിങ് ട്രാൻസ്പോർട്ട് സർവീസ് വഴി ഇതുവരെ 1,93,000-ത്തിലധികം ആളുകൾ യാത്ര ചെയ്തതായി ആർടിഎ വ്യക്തമാക്കി. ഒരേ ദിശയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരുമിച്ച് യാത്ര പങ്കിടാൻ (Share) സഹായിക്കുന്നതാണ് ഈ ഫ്ലെക്സിബിൾ സംവിധാനം.
ബിസിനസ് ബേ, ബർഷ, മിർദിഫ്, അൽ ഖൂസ് തുടങ്ങിയ പ്രധാന മേഖലകളിലാണ് നിലവിൽ ഈ സർവീസ് ലഭ്യമായിട്ടുള്ളത്. സിറ്റിലിങ്ക് ഷട്ടിൽ (Citylink Shuttle), ഡ്രൈവൺബസ് (DrivenBus), ഫ്ലക്സ് ഡെയ്ലി (Fluxx Daily) എന്നീ മൂന്ന് സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയാണ് യാത്രക്കാർ സീറ്റുകൾ ബുക്ക് ചെയ്യുന്നത്. 13 മുതൽ 30 വരെ സീറ്റിങ് കപ്പാസിറ്റിയുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. യാത്ര ചെയ്യുന്ന ദൂരത്തിനും ആവശ്യക്കാർക്കും അനുസരിച്ചാണ് ഇതിന്റെ നിരക്കുകൾ നിശ്ചയിക്കുന്നത്. 2025 ഒക്ടോബറിൽ മാത്രം 18,000-ത്തിലധികം ആളുകൾ ഈ സേവനം ഉപയോഗിച്ചതാണ് പദ്ധതിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ റെക്കോർഡ്. കാർബൺ മലിനീകരണവും റോഡുകളിലെ തിരക്കും കുറയ്ക്കാൻ സഹായിക്കുന്ന ഈ സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആർടിഎ ആലോചിക്കുന്നുണ്ട്.
Tag: