ദുബായ് : നാലാം ഘട്ട കോളൻ കാൻസറിനെ (Stage 4 Colon Cancer) പോരാടി തോൽപ്പിച്ച 68-കാരനായ ഗൈഡോ ഡി വിൽഡെ കാൻസർ രോഗികൾക്ക് പ്രത്യാശയും ധൈര്യവും പകരാൻ ബാഴ്സലോണയിൽ നിന്നും പാരീസിലേക്ക് 3,333 കിലോമീറ്റർ നീളുന്ന സൈക്കിൾ യാത്ര നയിക്കുന്നു. യുഎഇയിലെ അൽ ജലീല ഫൗണ്ടേഷന്റെ കാൻസർ പരിചരണ പരിപാടികൾക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ ‘സൈക്കിൾ എഗെയ്ൻസ്റ്റ് കാൻസർ’ (Cycle Against Cancer) എന്ന പേരിൽ സംഘടിപ്പിച്ച ഈ ജീവകാരുണ്യ യാത്ര ജൂലൈ ഒന്നിനാണ് ആരംഭിച്ചത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 13 പേരുൾപ്പെടെ 15 അംഗ സൈക്കിൾ സവാരി സംഘമാണ് 25 ദിവസം നീണ്ടുനിൽക്കുന്ന ഈ കഠിനമായ യാത്രയിൽ ഗൈഡോയ്ക്കൊപ്പമുള്ളത്. മുൻപ് പ്രമുഖ ആഗോള ഹോട്ടൽ ശൃംഖലയുടെ മിഡിൽ ഈസ്റ്റ് മേധാവിയായിരുന്ന ഗൈഡോയ്ക്ക് 2020 ലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. കടുത്ത കീമോതെറാപ്പി ചികിൽസകൾക്കിടയിലും വീട്ടിനുള്ളിൽ വെർച്വൽ ട്രെയിനിങ് സംവിധാനം വഴി സൈക്ലിംഗ് തുടർന്ന് അദ്ദേഹം തന്റെ ആത്മവിശ്വാസം നിലനിർത്തിയിരുന്നു. ഈ യാത്രയിലൂടെ സമാഹരിക്കുന്ന തുക യുഎഇയിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന അയ്യായിരത്തിലധികം പുതിയ കാൻസർ രോഗികളുടെ ചികിത്സയ്ക്കും ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കും. ഒരു കാൻസർ നിർണ്ണയം ജീവിതത്തിന്റെ അവസാനമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.