ദുബായ് : അനിമേഷൻ വിനോദങ്ങൾ, ലേസർ ടാഗ് പോരാട്ടങ്ങൾ, ചിന്തകൾ കൊണ്ട് നിയന്ത്രിക്കാവുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ യുഎഇയുടെ സ്വന്തം ഹൊറർ ഗെയിം എന്നിവയുമായി ദുബായ് ‘ഗെയിംഎക്സ്പോ 2026’ (GameExpo 2026) ഈ വാരാന്ത്യത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്നു. ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) ഭാഗമായി നടക്കുന്ന മേളയിൽ 300-ലധികം അത്യാധുനിക ഗെയിമിംഗ് ഉപകരണങ്ങൾ, പ്രമുഖ ടൂർണമെന്റുകൾ, മികച്ച പ്രാദേശിക പ്രതിഭകളുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണത്തെ ഗെയിംഎക്സ്പോയിലെ ഏറ്റവും വലിയ ആകർഷണം ജാപ്പനീസ് പോപ്പ് സംസ്കാരം, അനിമേഷൻ, ഡിജിറ്റൽ ആർട്ട് എന്നിവ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ‘ന്യൂ ടോക്കിയോ’ (New Tokyo) എന്ന പ്രത്യേക സോണാണ്. കൂടാതെ മനുഷ്യന്റെ മസ്തിഷ്ക ചലനങ്ങൾക്കനുസരിച്ച് (Brain-controlled technology) പ്രവർത്തിക്കുന്ന ഭാവിയിലെ ഗെയിമിംഗ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ‘ഫ്യൂച്ചർ ലാബ്’ (Future Lab), പ്രശസ്ത ബ്രാൻഡായ ലേഗോയുടെ (Lego) മത്സരങ്ങൾ, റേസിംഗ് സിമുലേറ്ററുകൾ, കാർ സമ്മാനമായി നൽകുന്ന ഓട്ടോമോട്ടീവ് ചലഞ്ചുകൾ എന്നിവയും മേളയിലുണ്ട്.
ആഗോള ബ്രാൻഡുകൾക്കൊപ്പം പ്രാദേശിക ഗെയിം ഡെവലപ്പർമാരുടെ വലിയൊരു നിരയും ഇത്തവണ എക്സ്പോയിലുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് എമിറാത്തി സ്റ്റുഡിയോയായ ‘ഫോർട്ട് സ്രിറ്റോ’ (Fort Srito) വികസിപ്പിച്ചെടുത്ത ‘ഡാർക്ക്നസ് റോഡ്’ (Darkness Road) എന്ന ഹൊറർ ഗെയിമാണ്. ഗൾഫ് സംസ്കാരവും പാരമ്പര്യവും കഥാ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗെയിം 1996-ൽ ഹംദാൻ എന്ന കഥാപാത്രം ഒരു ക്രൂരനായ ഡോക്ടറുടെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് പ്രമേയം. പ്രശസ്ത ഗെയിമുകളായ റെസിഡന്റ് ഈവിൾ, സൈലന്റ് ഹിൽ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ഗെയിമിന്റെ ഡെമോ വേർഷൻ ഇതിനകം പന്തീരായിരത്തിലധികം ആളുകളാണ് സ്റ്റീമിൽ (Steam) നിന്ന് ഡൗൺലോഡ് ചെയ്തതെന്ന് ഫോർട്ട് സ്രിറ്റോ സിഇഓ ഇസ്മായിൽ അൽ അഹ്ലി പറഞ്ഞു. ഗെയിമിംഗിലൂടെ തങ്ങളുടെ പാരമ്പര്യം ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.