ദുബായ് : യുഎഇയിൽ കഠിനമായ വേനൽച്ചൂടിന്റെ കാലമായ ‘അൽ ഖൈത്’ (Al Qaith) ആരംഭിച്ചു. മുൻകാലങ്ങളിൽ ഗൾഫ് മേഖലയിലെ മരുഭൂമിയിലെയും കൃഷിയിടങ്ങളിലെയും ജീവിതത്തെ രൂപപ്പെടുത്തിയ ഒന്നാണ് നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഈ വേനൽക്കാലം. ഇതിൽ ഏറ്റവും ചൂടേറിയ ‘ജംറത്ത് അൽ ഖൈത്’ (ചൂടിന്റെ കനൽ) എന്ന ഘട്ടം ജൂലൈ 3-ന് പുലർച്ചെയോടെയാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ അറേബ്യൻ ഉപദ്വീപിൽ ‘സമൂം’ എന്നറിയപ്പെടുന്ന കഠിനമായ ഉഷ്ണക്കാറ്റ് വീശുമെന്നും ചിലയിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ജൂലൈ 3 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 11 വരെ നീളുന്ന വിവിധ നക്ഷത്രങ്ങളുടെ ഉദയത്തോടെയാണ് ഈ സീസൺ കടന്നുപോകുന്നത്.
ഈ കഠിനമായ ചൂടാണ് യുഎഇയുടെ ‘മാതൃവൃക്ഷം’ എന്നറിയപ്പെടുന്ന ഈന്തപ്പനകളിലെ പഴങ്ങൾ പാകമാകാൻ സഹായിക്കുന്നത് എന്നതാണ് ഈ സീസണിന്റെ പ്രത്യേകത. കഠിനമായ ഈ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. ഈ സമയങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കാറുണ്ട്. അൽ ഖൈത് കാലത്തെ കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ധാരാളം വെള്ളം കുടിക്കാനും ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.