ദുബൈ : ബലിപെരുന്നാൾ അവധിക്കാലത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് എയർലൈൻസിന്റെ മുന്നറിയിപ്പ്. യുഎഇയിൽ നിന്നുള്ള വിദേശ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ, യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തണമെന്ന് എമിറേറ്റ്സ് നിർദ്ദേശിച്ചു.
തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനകൾക്കും ഇമിഗ്രേഷൻ നടപടികൾക്കും സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. അതിനാൽ ബോർഡിങ് സമയം ആരംഭിക്കുന്നതിന് 60 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാർ നിർദ്ദിഷ്ട ഗേറ്റുകളിൽ എത്തിച്ചേരണം. റോഡ് മാർഗമുള്ള യാത്രകളിൽ ഉണ്ടായേക്കാവുന്ന കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കൃത്യസമയത്ത് എയർപോർട്ടിൽ എത്തിച്ചേരാനും യാത്രക്കാർ ദുബായ് മെട്രോ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എമിറേറ്റ്സ് അറിയിപ്പിൽ വ്യക്തമാക്കി.