ഷാർജ : നഗരവൽക്കരണത്തേക്കാൾ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (Shurooq). ഷാർജയുടെ കിഴക്കൻ തീരദേശ നഗരമായ കൽബയിലെ കണ്ടൽക്കാടുകളുടെ (Mangroves) ജൈവവൈവിധ്യം പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത ‘കിംഗ്ഫിഷർ റിട്രീറ്റ്’ (Kingfisher Retreat) ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രകൃതിയെയും ആധുനിക ആതിഥേയത്വത്തെയും എങ്ങനെ സന്തുലിതമായി കൊണ്ടുപോകാം എന്നതിന്റെ മികച്ച മാതൃകയാണ് ‘ഷാർജ കളക്ഷന്റെ’ ഭാഗമായ ഈ റിട്രീറ്റ്.
തീരദേശ പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തിയ ശേഷമാണ് 40 ആഡംബര ടെന്റുകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സ്വാഭാവിക മണൽത്തിട്ടകളുടെ ചലനങ്ങളെ തടസ്സപ്പെടുത്താതിരിക്കാനും മണ്ണൊലിപ്പ് തടയാനും വന്യജീവികളുടെ സ്വൈര്യവിഹാരം ഉറപ്പാക്കാനുമായി ഈ ടെന്റുകളെല്ലാം തറനിരപ്പിൽ നിന്നും ഉയർത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണത്തിനായി ഭാരം കുറഞ്ഞ വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയും തീരത്ത് പ്രകൃതിദത്തമായി ജീവിക്കുന്ന അപൂർവ്വയിനം ഞണ്ടുകളുടെ ചലനങ്ങളും പ്രകൃതിക്ക് ഭംഗം വരാത്ത രീതിയിൽ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം. ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റിയുമായി (EPAA) സഹകരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ സംരക്ഷിക്കുന്നത്. കൽബയിലെ കണ്ടൽക്കാടുകളും ജലാശയങ്ങളും അപൂർവ്വയിനം ദേശാടനപ്പക്ഷികൾ, കടലാമകൾ, ഗസൽ മാനുകൾ എന്നിവയുടെ പ്രധാന താവളമാണ്. കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി ഇവിടെ വെളിച്ച മലിനീകരണം (Light pollution) ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലനിർത്തിയിരിക്കുന്നത്. നിർമ്മാണങ്ങളുടെ വലിപ്പത്തിലല്ല, മറിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിലാണ് വികസനം അളക്കേണ്ടതെന്ന് കൽബയിലൂടെ യുഎഇ തെളിയിക്കുന്നു.