ദുബായ് : ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ) 2025-ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണയിതര വ്യാപാര നിരക്ക് (Non-oil trade) രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 46 ശതമാനം വർദ്ധനവോടെ ആകെ വ്യാപാരം 49,100 കോടി (491 ബില്യൺ) ദിർഹത്തിലെത്തി. തുടർച്ചയായ അഞ്ചാം വർഷമാണ് അതോറിറ്റി വൻ വളർച്ച കൈവരിക്കുന്നത്. ഇതോടെ ദുബായുടെ ആകെ എണ്ണയിതര വ്യാപാരത്തിന്റെ 16 ശതമാനവും ഡയസ് (DIEZ) വഴിയാണെന്ന് വ്യക്തമായി. കഴിഞ്ഞ വർഷം ദുബായുടെ ആകെ വിദേശ വ്യാപാരം 3 ലക്ഷം കോടി ദിർഹം കവിഞ്ഞിരുന്നു.
വ്യാപാരത്തിന്റെ അളവ് 50 ശതമാനം വർദ്ധിച്ച് 6,67,800 ടണ്ണിലെത്തി. ഇത് വിലക്കയറ്റം മൂലമുണ്ടായ വളർച്ചയല്ല, മറിച്ച് ചരക്കുനീക്കത്തിലുണ്ടായ യഥാർത്ഥ വർദ്ധനവാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആകെ വ്യാപാരത്തിന്റെ 70 ശതമാനവും മെഷിനറി, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയാണ്. രത്നങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, മുത്തുകൾ എന്നിവയുടെ വ്യാപാരത്തിൽ 71 ശതമാനത്തിന്റെ വൻ വളർച്ചയുണ്ടായി. ചൈനയാണ് അതോറിറ്റിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. സൗദി അറേബ്യ രണ്ടാമതും ഇന്ത്യ (8% വിഹിതം) മൂന്നാമതുമാണ്. ദുബായ് സാമ്പത്തിക അജണ്ട ‘D33’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഡയസിന്റെ പ്രകടനം നിർണ്ണായകമാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഡയസ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും എന്നിവർ വ്യക്തമാക്കി.