ദുബായ് : അടിയന്തര ആവശ്യങ്ങൾക്കായി ദുബായിലേക്ക് യാത്ര തിരിക്കുന്നവർക്ക് വൻ ആശ്വാസമേകി 30, 60 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾ 48 പ്രവൃത്തി മണിക്കൂറിനകം (Working hours) അനുവദിച്ച് ദുബായ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് (GDRFA). വിസ നടപടികൾ വേഗത്തിലാക്കിയ പുതിയ പ്രഖ്യാപനം യുഎഇയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്ര പ്ലാൻ ചെയ്യുന്ന വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും കുടുംബങ്ങൾക്കും വലിയ അനുഗ്രഹമാകുമെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.
വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാകുന്നതോടെ വരും ദിവസങ്ങളിൽ ദുബായിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. നിലവിൽ വേനൽക്കാല പ്രൊമോഷനുകളുടെ ഭാഗമായി ദുബായിലെ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും വലിയ നിരക്കിളവുകൾ ലഭ്യമാണ്. അതോടൊപ്പം വിസയും വേഗത്തിൽ ലഭിക്കുന്നത് കൂടുതൽ ആളുകളെ ആകർഷിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലം ശക്തമാകുന്ന ഈ സമയത്ത് പ്രവാസികൾക്കും മറ്റ് സഞ്ചാരികൾക്കും അവധി ആഘോഷിക്കാൻ ദുബായ് മികച്ചൊരു ഓപ്ഷനായി മാറുകയാണ്.
അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയാണ് ഈ വിസയ്ക്കായി അപേക്ഷിക്കേണ്ടത്. അപേക്ഷകന്റെ പാസ്പോർട്ട് കോപ്പി, വ്യക്തിഗത ഫോട്ടോ, ചില പ്രത്യേക രാജ്യക്കാർക്ക് അവരുടെ നാഷണൽ ഐഡി കാർഡ് എന്നിവയാണ് പ്രധാനമായും ആവശ്യമുള്ള രേഖകൾ. കൃത്യമായ രേഖകൾ സമർപ്പിച്ചാൽ പലർക്കും ഒരു ദിവസത്തിനകവും, മറ്റുള്ളവർക്ക് പരമാവധി 48 മണിക്കൂറിനകവും വിസ ലഭ്യമാകുമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. രേഖകളിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടായാൽ വിസ വൈകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അപേക്ഷകർ ശ്രദ്ധിക്കണം.