ദുബായ് : ആഗോള നഗരവികസന രംഗത്ത് പുതിയ ചരിത്രമെഴുതി ദുബായുടെ വികസന മാതൃകയെ ഒരു ഔദ്യോഗിക ഭരണ-മാനേജ്മെന്റ് തത്വശാസ്ത്രമാക്കി മാറ്റി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. “ദുബായ്-ഇറ്റ്” (Dubai-it) എന്ന പുതിയ വാക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട്, “ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അങ്ങേയറ്റത്തെ മികവോടെ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുക” എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലം ആകാശചുംബികളായ കെട്ടിടങ്ങളുടെയോ ആഡംബരങ്ങളുടെയോ നഗരമെന്ന കാരിക്കേച്ചറുകൾക്കപ്പുറം; വ്യാപാരം, വ്യോമയാനം, ഐടി, നിർമ്മിത ബുദ്ധി (AI) എന്നിവയിലൂന്നിയ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന സാമ്പത്തിക വ്യവസ്ഥയായി ദുബായ് മാറിക്കഴിഞ്ഞു. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, ബിസിനസ്സ് സൗഹൃദ നയങ്ങൾ, അതിവേഗത്തിലുള്ള നടപ്പാക്കൽ എന്നിവയാണ് 200-ലധികം രാജ്യക്കാരായ പ്രവാസികൾ സുരക്ഷിതമായി ജീവിക്കുന്ന ദുബായെ ആഗോള വികസനത്തിന്റെ പുതിയ വേർബും (Verb) മാതൃകയുമാക്കുന്നത്.
DubaiIt
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ച ‘ദുബായ്-ഇറ്റ്’ (Dubai-it) കാമ്പയിൻ രാജ്യത്തിന്റെ അതുല്യമായ വികസന തത്വശാസ്ത്രത്തിന്റെ തെളിവാണെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. വലിയ ലക്ഷ്യങ്ങളെ യാഥാർത്ഥ്യമാക്കുക എന്ന ദുബായുടെ പ്രവർത്തനശൈലിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൂർത്തിയാക്കിയ മെട്രോ റൂട്ട് 2020, പുതുതായി പ്രഖ്യാപിച്ച ബ്ലൂ ലൈൻ, പുതുതായി പ്രഖ്യാപിച്ച ‘ഗോൾഡൻ ലൈൻ’ പദ്ധതികൾ, ദുബായ് വാട്ടർ കനാൽ, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നിവയെല്ലാം ഈ വികസന കുതിപ്പിന്റെ ഉദാഹരണങ്ങളാണ്. ഈ വർഷം സ്വയംനിയന്ത്രിത ടാക്സികൾ (Autonomous Taxis) നിരത്തിലിറക്കിയ ദുബായ്, 2026 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സി സർവീസുകളും, ദുബായ് ലൂപ്പ് പ്രോജക്റ്റും യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണെന്നും അൽ തായർ കൂട്ടിച്ചേർത്തു.
അസാധ്യമായതിനെ സാധ്യമാക്കുക’; ദുബായിയുടെ പുതിയ തൊഴിൽ സംസ്കാരവുമായി ‘ദുബായ്-ഇറ്റ്’
ദുബായ് : ഗൂഗിളിൽ തിരയുന്നതിനെ ‘ഗൂഗിൾ ഇറ്റ്’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, അസാധ്യമായ കാര്യങ്ങളെ അതിവേഗത്തിലും മികവോടെയും യാഥാർത്ഥ്യമാക്കുന്നതിനെ ‘ദുബായ്-ഇറ്റ്’ (Dubai-it) എന്ന് നാമകരണം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുതിയ കാമ്പെയ്ൻ പ്രഖ്യാപിച്ചു. ദുബായിയുടെ തനത് തൊഴിൽ സംസ്കാരവും വിജയഗാഥയും വരുംതലമുറകളിലേക്കും സ്ഥാപനങ്ങളിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
പതിറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയായിരുന്ന ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ബുർജ് ഖലീഫ, പാം ജുമൈറ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ട്, ദുബായ് മെട്രോ, എമിറേറ്റ്സ് എയർലൈൻ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എക്സ്പോ തുടങ്ങിയ വൻകിട പദ്ധതികളുടെ പിന്നിലെ നിശ്ചയദാർഢ്യമാണ് ‘ദുബായ്-ഇറ്റ്’ എന്ന ആശയത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. “പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നത് പറയുക” എന്ന ഷെയ്ഖ് മുഹമ്മദിന്റെ ലളിതമായ തത്വശാസ്ത്രമാണ് ഈ പുതിയ ആഗോള തൊഴിൽ മാതൃകയ്ക്ക് പിന്നിൽ.