അബുദാബി : ബയോഫാർമ ഉത്പന്നങ്ങളുടെ പ്രാദേശികവത്കരണവും അടുത്ത തലമുറ ആരോഗ്യ പരിപാലന നവീകരണവും ലക്ഷ്യമിട്ട് പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ M42-ഉം ആർസെറ ലൈഫ് സയൻസസും (Arcera Life Sciences) തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. അബുദാബിയെ ലൈഫ് സയൻസസ്, മെഡിക്കൽ ഇന്നൊവേഷൻ എന്നിവയുടെ ആഗോള ഹബ്ബാക്കി മാറ്റാൻ അബുദാബി ആരോഗ്യ വകുപ്പിന്റെ (DoH) നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ സഖ്യം.
അബുദാബിയിൽ വെച്ച് ഒപ്പുവെച്ച ഈ കരാറിലൂടെ ജനിതക-അപൂർവ്വ രോഗങ്ങൾക്കുള്ള നൂതന ചികിത്സകൾ, ക്ലിനിക്കൽ വികസനം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ലൈഫ് സയൻസ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. M42-ന്റെ പക്കലുള്ള അത്യാധുനിക ജീനോമിക്സ് ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ആർസെറയുടെ മരുന്ന് നിർമ്മാണ രംഗത്തെ വൈദഗ്ധ്യവുമായി ലയിപ്പിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. ജനിതക അധിഷ്ഠിത ചികിത്സാ വികസനം, ക്ലിനിക്കൽ ട്രയലുകൾ വേഗത്തിലാക്കൽ, സ്റ്റെം സെൽ-റീജനറേറ്റീവ് മെഡിസിൻ ഗവേഷണം, ആരോഗ്യ മേഖലയിൽ എഐ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കൽ എന്നീ നാല് പ്രധാന മേഖലകളിലാണ് ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗികൾക്ക് കൃത്യതയാർന്നതും (Precision medicine) ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ അന്താരാഷ്ട്ര സഹകരണം സഹായിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ അൽ മന്നായി വ്യക്തമാക്കി.