അബുദാബി: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കണമെന്നത് ടർക്കിഷ് ബാലനായ യിഗിത് എൽമയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാൽ പേശികളെ ബാധിക്കുന്ന അപൂർവ രോഗം ആ സ്വപ്നങ്ങളെ പതിയെ കവർന്നെടുത്തു. ഒടുവിൽ 1 കോടിയിലധികം ദിർഹം (ഏകദേശം 22 കോടിയോളം ഇന്ത്യൻ രൂപ) ചിലവ് വരുന്ന അത്യാധുനിക ചികിത്സയ്ക്കായി തുർക്കിയിൽ നിന്ന് അബുദാബിയിലെത്തിയിരിക്കുകയാണ് ഈ 11 വയസ്സുകാരനും കുടുംബവും. ഇതോടെ തങ്ങളുടെ മകന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.
തുർക്കിയിലെ കോനിയ സ്വദേശിയായ യിഗിത് കഴിഞ്ഞ മൂന്ന് വർഷമായി ബെസിക്താസ് ക്ലബ്ബിന്റെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും കടുത്ത ആരാധകനാണ്. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു പന്തിന്റെ പുറകെ ഓടാൻ പോലും ഇപ്പോൾ ഈ കൊച്ചുമിടുക്കന് സാധിക്കുന്നില്ല. പേശികളെ ക്രമേണ ദുർബലപ്പെടുത്തുന്ന ജനിതക വൈകല്യമായ ‘ഡുഷേൻ മസ്കുലാർ ഡിസ്ട്രോഫി’ (DMD) എന്ന രോഗമാണ് യിഗിതിനെ ബാധിച്ചിരിക്കുന്നത്. തുടക്കത്തിൽ സാധാരണ രീതിയിൽ നടക്കാനും കളിക്കാനുമൊക്കെ സാധിക്കുമെങ്കിലും പ്രായമാകും തോറും ഓടാനും പടികൾ കയറാനും എഴുന്നേറ്റു നിൽക്കാനും ഈ രോഗബാധിതർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. രോഗം കടുക്കുന്നതോടെ ഒടുവിൽ നടത്തം പൂർണ്ണമായി നിലയ്ക്കുകയും ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്യും.