അബുദാബി : മേഖലയിൽ സംഘർഷം വീണ്ടും കടുക്കുന്ന സാഹചര്യത്തിൽ യു.എ.ഇയിലെ വിദ്യാലയങ്ങൾ മെയ് 8 വെള്ളിയാഴ്ച വരെ ഓൺലൈൻ ക്ലാസിലേക്ക് മാറാൻ തീരുമാനിച്ചു. ഇറാൻ നടത്തിയ പുതിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുമാണ് ഈ നടപടി.
ഇന്നലെ മൂന്നര മണിക്കൂറിനിടെ അഞ്ച് തവണയാണ് യു.എ.ഇയുടെ എമർജൻസി അലർട്ട് സംവിധാനം വഴി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഏപ്രിൽ 9-ന് നിലവിൽ വന്ന യു.എസ്-ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ കരാറിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ മിസൈൽ സാന്നിധ്യം കണ്ടെത്തുന്നത്. ഇതിനെത്തുടർന്ന് വിദ്യാഭ്യാസ അധികൃതരും സ്കൂൾ മാനേജ്മെന്റുകളും അതിവേഗം ഇടപെടുകയും പഠനപ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുകയും ചെയ്തു.
ക്ലാസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സ്കൂളുകൾ നിലവിലെ സമയക്രമം തന്നെ പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പുകൾക്കായി അധികൃതർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഓൺലൈൻ വഴി കൃത്യമായി ക്ലാസുകൾ തുടരുന്നതാണ്.