അബുദാബി: യുഎഇയിലെ സ്കൂളുകളിലും സർവ്വകലാശാലകളിലും വരും ദിവസങ്ങളിൽ പഠനം ഏത് രീതിയിൽ വേണമെന്ന കാര്യത്തിൽ മെയ് 10 ഞായറാഴ്ച വൈകുന്നേരം തീരുമാനമുണ്ടാകും. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിക്കുക. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഇതേ രീതിയിൽ മെയ് 10-ന് തന്നെ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കും. എന്നാൽ പ്രായോഗിക പരിശീലനം ആവശ്യമായ കോഴ്സുകൾക്കും ക്ലിനിക്കൽ ട്രെയിനിംഗുകൾക്കും നിലവിലുള്ളത് പോലെ നേരിട്ടുള്ള ക്ലാസുകൾ തുടരും. പരീക്ഷകളും മുൻനിശ്ചയിച്ച പ്രകാരം നേരിട്ട് തന്നെ നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഏത് പഠനരീതിയിലേക്കും മാറാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലെ സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി ഞായറാഴ്ച നിലപാട് വ്യക്തമാക്കും. ദൂരപഠനം തുടരണമോ അതോ കുട്ടികൾ നേരിട്ട് സ്കൂളിലെത്തണോ എന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക. ഇവിടെയും പരീക്ഷകൾ നേരിട്ട് തന്നെയായിരിക്കും നടക്കുക. നേരത്തെ പ്രാദേശികമായ ചില സംഘർഷങ്ങളെത്തുടർന്ന് മെയ് 5 മുതൽ 8 വരെ രാജ്യത്തെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നഴ്സറികൾക്കും വിദൂര വിദ്യാഭ്യാസം ഏർപ്പെടുത്തിയിരുന്നു. മെയ് 4-ന് രാജ്യത്ത് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളും മിസൈലുകളും വിജയകരമായി തടഞ്ഞ സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റിയത്. നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച ശേഷം മാത്രമേ ക്ലാസുകൾ സാധാരണ നിലയിലാക്കണോ എന്ന കാര്യത്തിൽ മന്ത്രാലയം അന്തിമ തീരുമാനമെടുക്കൂ. ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.