ദുബായ് : വേനലവധിക്കാലത്ത് യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ, വലിയ തുക ലാഭിക്കാൻ പ്രവാസികൾ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് ഒരു കുടുംബത്തിന് പതിനായിരക്കണക്കിന് ദിർഹം ചെലവ് വരുന്ന സാഹചര്യത്തിൽ പണം ലാഭിക്കാൻ യാത്രക്കാർ തങ്ങളുടെ യാത്രാരീതികളിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് നേരിട്ട് പോകുന്നതിന് പകരം മുംബൈ പോലുള്ള വലിയ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുത്ത് അവിടെ നിന്ന് ആഭ്യന്തര വിമാന സർവീസുകളോ ട്രെയിനുകളോ വഴി നാട്ടിലെത്തുന്ന രീതി പലരും സ്വീകരിക്കുന്നുണ്ട്. അല്പം യാത്രാസമയം കൂടുതൽ എടുത്താലും ലേഓവർ ഉള്ള കണക്റ്റിംഗ് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുന്നതും ടിക്കറ്റ് ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.
ദുബായിൽ താമസിക്കുന്ന പ്രവാസികൾ ദുബായ് എയർപോർട്ടുകൾക്ക് പുറമെ അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ മറ്റ് എമിറേറ്റുകളിലെ വിമാന നിരക്കുകൾ താരതമ്യം ചെയ്ത് കുറഞ്ഞ തുകയ്ക്കുള്ള ടിക്കറ്റുകൾ കണ്ടെത്തുന്നുണ്ട്. ഇതിന് പുറമെ എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകളിലെ സ്കൈവേർഡ്സ് മൈലുകൾ, മുൻപ് ലഭിച്ച വൗച്ചറുകൾ, ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിന്റുകൾ എന്നിവ റീഡീം ചെയ്തും പ്രവാസികൾ ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകൾ നേടുന്നുണ്ട്. തിരക്കേറിയ ആഴ്ചാവസാന ദിവസങ്ങൾക്ക് പകരം വലിയ തിരക്കില്ലാത്ത പ്രവൃത്തിദിവസങ്ങളിലേക്ക് യാത്രാ തീയതികൾ മാറ്റുന്നതും വലിയ തുക ലാഭിക്കാൻ സഹായിക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. ഇത്തരം എളുപ്പവഴികളിലൂടെ പല കുടുംബങ്ങൾക്കും നേരിട്ടുള്ള ഫ്ലൈറ്റുകളേക്കാൾ ഏകദേശം 3,000 മുതൽ 8,000 വരെ ദിർഹം വരെ ലാഭിക്കാൻ സാധിക്കുന്നുണ്ട്.