ദുബായ് : ആഗോള യൂട്ടിലിറ്റി സേവനങ്ങൾ, സുസ്ഥിരത, ഇൻഫ്രാസ്ട്രക്ചർ മികവ് എന്നിവയിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു കൊണ്ട് 13 പ്രധാന പ്രകടന സൂചികകളിൽ (KPIs) ലോകത്തിൽ ഒന്നാമതെത്തി ദുബൈ ജല-വൈദ്യുതി അതോറിറ്റി (DEWA).
വൈദ്യുതി തടസ്സപ്പെടുന്നതിലൂടെ ഒരു ഉപഭോക്താവിന് പ്രതിവർഷം നഷ്ടമാകുന്ന സമയം (Customer Minutes Lost) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.82 മിനിറ്റിലേക്ക് (49 സെക്കൻഡ്) എത്തിക്കാൻ ദേവയ്ക്ക് സാധിച്ചു. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വൈദ്യുതി പ്രസരണ-വിതരണ ശൃംഖലയിലെ നഷ്ടം (2%), ഏറ്റവും കുറഞ്ഞ ജലശൃംഖലയിലെ നഷ്ടം (4.4%) എന്നിവയും ദുബൈ രേഖപ്പെടുത്തി. കൂടാതെ ദുബൈയിലെ പവർ സിസ്റ്റത്തിന്റെ വിശ്വാസ്യതയും ലഭ്യതയും 99.99 ശതമാനത്തിന് മുകളിലാണ്. ഹ്യൂമൻ ഇന്റർവെൻഷൻ ഇല്ലാതെ തകരാറുകൾ പരിഹരിക്കുന്ന ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റീസ്റ്റോറേഷൻ സിസ്റ്റം അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളാർ പാർക്കിന്റെ ഉത്പാദന ശേഷി ഇപ്പോൾ 3,860 മെഗാവാട്ടിൽ എത്തിയിട്ടുണ്ടെന്നും 2030-ഓടെ ഇത് 8,000 മെഗാവാട്ട് കവിയുമെന്നും ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. നിലവിൽ ദുബൈയുടെ ഊർജ്ജ മിശ്രിതത്തിന്റെ 21.5 ശതമാനത്തിലധികം ശുദ്ധമായ ഊർജ്ജമാണ് (Clean Energy).
DEWADubai
ദുബായ് : ആഗോളതലത്തിൽ ഏറ്റവും മികച്ച സംഘടനാ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര മത്സരമായ ‘ഇന്റർനാഷണൽ ബെസ്റ്റ് പ്രാക്ടീസ് കോമ്പറ്റീഷനിൽ’ (IBPC) വൻ നേട്ടം സ്വന്തമാക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). ദേവ സമർപ്പിച്ച 11 വ്യത്യസ്ത പ്രവർത്തനങ്ങൾ അഞ്ച് മുതൽ ഏഴ് വരെ സ്റ്റാർ റേറ്റിംഗുകളോടെ ആഗോളതലത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ആഗോള നേട്ടത്തിന് വഴിയൊരുക്കിയ ദേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായറെ, ഐബിപിസി ചെയർമാൻ ഡോ. റോബിൻ മാൻ ആദരിച്ചു.
നൂതനത്വം, സുസ്ഥിരത, മികച്ച സേവനം എന്നിവ മുൻനിർത്തി ദേവ വികസിപ്പിച്ചെടുത്ത 5 പദ്ധതികൾക്ക് പരമാവധി റേറ്റിംഗായ 7-സ്റ്റാർ ലഭിച്ചു. ഗ്യാസ് ടർബൈൻ ഇന്റലിജന്റ് കൺട്രോളർ, സോളാർ പാനലുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്ന ‘ഹബ്-രീഹ്’ വെബ് സർവീസ്, ഒരു മണിക്കൂറിനുള്ളിൽ ജലചോർച്ചയും തകരാറുകളും കണ്ടെത്തുന്ന എഐ അധിഷ്ഠിത ‘ഹൈഡ്രോ ഇൻസൈറ്റ്’ സിസ്റ്റം, സ്വകാര്യ മേഖലയുമായുള്ള സഹകരണ മാതൃക (IWPP), ഗ്യാസ് ടർബൈൻ അറ്റകുറ്റപ്പണി സമയം റെക്കോർഡ് വേഗത്തിൽ കുറച്ച സംവിധാനം എന്നിവയ്ക്കാണ് 7-സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. കൂടാതെ 3 പദ്ധതികൾക്ക് 6-സ്റ്റാർ റേറ്റിംഗും മറ്റ് 3 എണ്ണത്തിന് 5-സ്റ്റാർ റേറ്റിംഗും ലഭിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് സയീദ് അൽ തായർ പറഞ്ഞു.
വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഗ്രിഡ് സംവിധാനവുമായി ഡേവ
ദുബായ് : ദുബായിലെ വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക കൃത്രിമബുദ്ധി അധിഷ്ഠിത സ്മാർട്ട് സംവിധാനം നടപ്പിലാക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). ‘ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റീസ്റ്റോറേഷൻ സിസ്റ്റം’ (ASGR) എന്ന പേരിലുള്ള ഈ അത്യാധുനിക സാങ്കേതികവിദ്യ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന ഒന്നാണ്. ദുബായുടെ ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി ഊർജ്ജ ശൃംഖലയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈദ്യുതി ലൈനുകളിൽ ഉണ്ടാകുന്ന തകരാറുകൾ സെക്കൻഡുകൾക്കകം സ്വയം കണ്ടെത്തുകയും, ബാധിക്കപ്പെട്ട ഭാഗങ്ങളെ വേർതിരിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുകയും ചെയ്യുന്ന ‘സെൽഫ് ഹീലിംഗ്’ (Self-healing) രീതിയിലാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. ദുബായെ സ്മാർട്ട്-സുസ്ഥിര ഊർജ്ജ സംവിധാനങ്ങളിൽ ആഗോള തലപ്പത്ത് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. അത്യാധുനിക കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതിനാൽ സബ്സ്റ്റേഷനുകൾ തമ്മിൽ തത്സമയം വിവരങ്ങൾ കൈമാറാൻ സാധിക്കും. ഇത് സാങ്കേതിക ജീവനക്കാരുടെ ഫീൽഡ് ജോലികൾ കുറയ്ക്കുകയും സുരക്ഷിതത്വം വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ സ്മാർട്ട് ഗ്രിഡ് നടപ്പിലാക്കിയതോടെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള സമയം ഗണ്യമായി കുറഞ്ഞതായി ഡേവ വിതരണ വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റാഷിദ് ബിൻ ഹുമൈദാൻ വ്യക്തമാക്കി.