അബുദാബി : കുറഞ്ഞ നിക്ഷേപത്തിൽ വലിയ ലാഭവും ഗ്യാരണ്ടീഡ് റിട്ടേണും വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ അവിശ്വസനീയമായ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുക, ഉടൻ പണം നിക്ഷേപിക്കാൻ സമ്മർദ്ദം ചെലുത്തുക, ബിസിനസിനെക്കുറിച്ച് വ്യക്തതയില്ലാതിരിക്കുക, വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുക, കമ്പനിയുടെ ലൈസൻസ് വെരിഫൈ ചെയ്യാൻ സാധിക്കാതിരിക്കുക എന്നിവ ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷണങ്ങളാണ്. പണം നഷ്ടപ്പെടുന്നതിനൊപ്പം സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും ഇത് കാരണമാകുമെന്നതിനാൽ, ഏതൊരു നിക്ഷേപത്തിന് മുൻപും സ്ഥാപനത്തിന്റെ ഔദ്യോഗിക ലൈസൻസ് പരിശോധിക്കണമെന്നും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയോ ഒടിപി പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
CyberSecurityUAE
സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഖലീഫ ഫണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചു
അബുദാബി : യുഎഇയിലെ സൈബർ സുരക്ഷാ മേഖലയിലെ സ്റ്റാർട്ടപ്പുകളെ (Cybersecurity startups) പിന്തുണയ്ക്കുന്നതിനും അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ ദേശീയ പ്രോഗ്രാം പ്രഖ്യാപിച്ച് ഖലീഫ ഫണ്ട് (KFED). യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ച് അൽ ഐനിലെ മസ്ൻ ഹബ്ബിൽ (MZN Hub) നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി, ഖലീഫ ഫണ്ട് സിഇഒ മൂസ ഉബൈദ് അൽ നസ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘സൈബർ ഇ71’ (CyberE71) മായി സഹകരിച്ച് രൂപീകരിച്ച ഈ പദ്ധതി വഴി സൈബർ സുരക്ഷാ രംഗത്തെ പുതിയ സംരംഭകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലനം, മെന്റർഷിപ്പ്, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ലഭ്യമാക്കും. യുഎഇയിൽ നിന്നുള്ള നൂതന സൈബർ സുരക്ഷാ ആശയങ്ങളെ ആഗോള വിപണിയിലേക്ക് വളർത്താനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്ന് ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. സ്വദേശി കമ്പനികളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം യുഎഇയെ ഈ മേഖലയിലെ പ്രമുഖ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.