ദുബായ് : അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യകളും വിപ്ലവകരമായ മാറ്റങ്ങളും പൊതുജനങ്ങൾക്കും ആരോഗ്യ വിദഗ്ധർക്കും മുന്നിൽ പരിചയപ്പെടുത്തി നാഷണൽ ആംബുലൻസ്. ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിലി ഡിഫൻസിന്റെ ഭാഗമായ നാഷണൽ ആംബുലൻസ് ദുബായിൽ ആരംഭിച്ച മിഡിൽ ഈസ്റ്റ് ആംബുലൻസ്, മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് റെസ്ക്യൂ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് (EMTEX 2026) തങ്ങളുടെ വിപുലമായ സംവിധാനങ്ങൾ പ്രദർശിപ്പിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ബുധനാഴ്ച ആരംഭിച്ച ഈ ദ്വിദിന അന്താരാഷ്ട്ര പ്രദർശനത്തിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ വിദഗ്ധരും അടിയന്തര രക്ഷാപ്രവർത്തന മേഖലയിലെ പ്രൊഫഷണലുകളും പങ്കെടുത്തു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് രോഗികൾക്ക് നൽകേണ്ട അടിയന്തര പരിചരണം, അത്യാധുനിക മെഡിക്കൽ ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് ഈ മേള പ്രധാനമായും ചർച്ച ചെയ്യുന്നത്. പ്രദർശന നഗരിയിൽ നാഷണൽ ആംബുലൻസ് ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ് പ്ലാറ്റ്ഫോം സന്ദർശകർക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്. സിപിആർ (CPR) നൽകേണ്ട രീതികൾ, രക്തസ്രാവം തടയാനുള്ള ‘സ്റ്റോപ്പ് ദി ബ്ലീഡ്’ തുടങ്ങിയ ജീവൻ രക്ഷാ പരിശീലന സെഷനുകൾ ഇവിടെ പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്
ആംബുലൻസുകൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ നേരിട്ട് കാണാനും പാരാമെഡിക്കൽ ജീവനക്കാരുമായി സംവദിക്കാനും സന്ദർശകർക്ക് അവസരമുണ്ട്. രണ്ടാം ദിവസത്തെ കോൺഫറൻസിൽ അൾട്രാസൗണ്ട് സാങ്കേതികവിദ്യയുടെ ഉപയോഗം, യുദ്ധ സമാനമായ സാഹചര്യങ്ങളിലെ അടിയന്തര ചികിത്സ (TCCC) എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര ശിൽപശാലകളിലും നാഷണൽ ആംബുലൻസ് വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.