ദുബായ് : ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഉദ്യോഗസ്ഥരെന്ന വ്യാജേന കമ്പനി മാനേജരെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർക്കെതിരെ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി. തട്ടിയെടുത്ത 7,23,500 ദിർഹം പരാതിക്കാരനായ കമ്പനി ഉടമയ്ക്കും മാനേജർക്കും സംയുക്തമായി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ വിധി വന്ന് തുക പൂർണ്ണമായി തീർപ്പാക്കുന്നത് വരെ 5 ശതമാനം വാർഷിക പലിശയും കോടതി ചെലവുകളും പ്രതികൾ നൽകണം. അതേസമയം, ആവശ്യമായ തെളിവുകളുടെ അഭാവം മൂലം കമ്പനി ആവശ്യപ്പെട്ട 1.2 കോടി ദിർഹത്തിന്റെ നഷ്ടപരിഹാര ഹർജി കോടതി തള്ളി.
കമ്പനിയുടെ നികുതി ബാധ്യതകൾ കുറച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് വ്യാജ രേഖകളും സർക്കാർ മുദ്രകളും ചമച്ച് പ്രതികൾ മാനേജരിൽ നിന്ന് പണം തട്ടിയത്. പ്രതികളുടെ വ്യാജ നികുതി റിട്ടേൺ സമർപ്പണം കാരണം കമ്പനിക്ക് പിന്നീട് പിഴയുൾപ്പെടെ 1.3 കോടിയോളം ദിർഹത്തിന്റെ ബാധ്യത വരികയും ട്രേഡ് ലൈസൻസും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ തട്ടിപ്പിലെ ക്രിമിനൽ കേസിൽ പ്രതികൾക്ക് നേരത്തെ ആറ് മാസം തടവും 7,23,500 ദിർഹം പിഴയും യുഎഇയിൽ നിന്ന് നാടുകടത്തലും ദുബായ് അപ്പീൽ കോടതിയും കസേഷൻ കോടതിയും ശരിവെച്ചിരുന്നു. ക്രിമിനൽ കോടതി വിധി നിലനിൽക്കുന്നതിനാൽ പ്രതികളുടെ ബാധ്യത വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിവിൽ കോടതി ഇപ്പോൾ തുക തിരികെ നൽകാൻ ഉത്തരവിട്ടത്.