അബുദാബി : 2026-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളുമായി അബുദാബി എൻവയോൺമെന്റ് ഏജൻസി (EAD). യുഎഇയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ശാസ്ത്രീയവും നൂതനവുമായ പരിസ്ഥിതി പദ്ധതികളാണ് ഏജൻസി നടപ്പിലാക്കുന്നതെന്ന് ഇഎഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദാഹേരി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ പരിസ്ഥിതി നിരീക്ഷണവും വിഭവ മാനേജ്മെന്റും കൂടുതൽ കാര്യക്ഷമമാക്കാൻ ഏജൻസിക്ക് സാധിച്ചിട്ടുണ്ട്.
ഭൂഗർഭജലം, മണ്ണ്, ജൈവവൈവിധ്യം എന്നിവ സംരക്ഷിച്ചുകൊണ്ട് ജല-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അബുദാബി ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ പ്ലാൻ 2025-2050’ ഏജൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2050 വരെയുള്ള കാലയളവിലേക്ക് 142 പ്രതിരോധ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കേണ്ട 86 പദ്ധതികൾ ഉൾപ്പെടുന്നു. 35 വർഷത്തെ അദൃശ്യതയ്ക്ക് ശേഷം അറേബ്യൻ കാരാക്കൽ (Arabian caracal – ഒരിനം കാട്ടുപൂച്ച) മടങ്ങിയെത്തിയതായി സ്ഥിരീകരിച്ചതും സ്മാർട്ട് മോണിറ്ററിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 700-ലധികം സൈറ്റുകൾ സർവേ ചെയ്തതും ഇതിന്റെ പ്രധാന വിജയങ്ങളാണ്. കൂടാതെ 118,000-ലധികം കിണറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ ആദ്യത്തെ ഭൂഗർഭജല അറ്റ്ലസും (Groundwater atlas) ഏജൻസി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് അബുദാബിയുടെ പരിസ്ഥിതി നേതൃത്വം കൂടുതൽ ശക്തമാക്കുമെന്നും ഡോ. ശൈഖ വ്യക്തമാക്കി.