ദുബായ് : കടുത്ത വേനൽക്കാലത്ത് ശുചീകരണ തൊഴിലാളികളുടെ (Sanitation Engineers) ജോലിഭാരവും ശാരീരിക ആയാസവും കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിച്ച് ദുബായ് മുൻസിപ്പാലിറ്റി. റസിഡൻഷ്യൽ മേഖലകളിൽ മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാനും ഉയർന്ന താപനിലയിലും ഈർപ്പമുള്ള കാലാവസ്ഥയിലും ജീവനക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ കാമ്പയിൻ. നഗരസഭയുടെ സ്മാർട്ട്-സുസ്ഥിര സേവനങ്ങളുടെ ഭാഗമായാണ് ഇവ നിരത്തിലിറക്കിയത്.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള ഈ ഇ-ബൈക്കുകൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 8 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കും. 180 മുതൽ 240 ലിറ്റർ വരെ ശേഷിയുള്ള മാലിന്യ നിക്ഷേപ പെട്ടികൾ ഘടിപ്പിച്ച ഈ ബൈക്കുകൾക്ക് 90 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. ലിഥിയം അയൺ ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ കാർബൺ ഉദ്വമനം കുറയ്ക്കാനും ദുബായുടെ ഹരിത സാങ്കേതികവിദ്യാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും. വേനൽച്ചൂടിൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് തന്നെ നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.