ദുബായ് : യുഎഇയിൽ കാത്തിരുന്ന മാമ്പഴക്കാലത്തിന് തുടക്കമായി. ഇന്ത്യ, പാകിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രിയ മാമ്പഴ ഇനങ്ങൾ ദുബായിലെ വിപണികളിൽ സജീവമായിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീസണിന്റെ തുടക്കത്തിൽ വില അല്പം കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.
ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പാകിസ്ഥാൻ ചോൻസ (Chaunsa) മാമ്പഴ പെട്ടിക്ക് (2.8 കിലോഗ്രാം) 40 ദിർഹവും സിന്ധ്രി (Sindhri) ഇനത്തിന് (3 കിലോഗ്രാം) 55 ദിർഹവുമാണ് വില. ഇന്ത്യൻ ഇനങ്ങളായ അൽഫോൻസോ പെട്ടിക്ക് 50 ദിർഹവും മല്ലിക, ബാദാമി, ബംഗനപ്പള്ളി, ദസേരി എന്നിവയ്ക്ക് ഗുണനിലവാരമനുസരിച്ച് 35 മുതൽ 45 ദിർഹം വരെയുമാണ് നിരക്ക്. യെമനി മാമ്പഴങ്ങൾ (4 കിലോ പെട്ടിക്ക് 35 ദിർഹം), ജോർദാൻ മാമ്പഴം (കിലോയ്ക്ക് 10.95 ദിർഹം) എന്നിവയാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്നത്. ഫുജൈറയിൽ നിന്നുള്ള പ്രാദേശിക മാമ്പഴങ്ങൾക്ക് കിലോയ്ക്ക് 20 ദിർഹമാണ് വില. നിലവിൽ വിപണിയിൽ സ്റ്റോക്ക് കുറവായതിനാലാണ് വില കൂടുതലെന്നും വരും ആഴ്ചകളിൽ കൂടുതൽ കപ്പലുകൾ എത്തുന്നതോടെ വില കുറയുമെന്നും അൽ അവിർ മാർക്കറ്റിലെ വ്യാപാരികൾ വ്യക്തമാക്കുന്നു. വിലക്കൂടുതൽ കാരണം മുൻവർഷങ്ങളിൽ ഒന്നിലധികം പെട്ടികൾ വാങ്ങിയിരുന്ന ഉപഭോക്താക്കൾ ഇപ്പോൾ ഓരോ പെട്ടി വീതമാണ് വാങ്ങുന്നത്.